അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണൻ (മാഞ്ഞാലി) ആണ് മരിച്ചത്. കൊച്ചി ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച 17-കാരനെയും അപകടമുണ്ടാക്കിയ ബെൻസ് കാറിനെയും ചേരാനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

അഡീഷണൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗതയിലെത്തിയ കാർ ജയപാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലേക്ക് ശക്തിയായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
അദ്ദേഹത്തിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന സാധനസാമഗ്രികളും അരിയും റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ചേരാനല്ലൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകട സമയത്ത് കനത്ത മഴയായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ച വ്യക്തമല്ലായിരുന്നു എന്നുമാണ് കസ്റ്റഡിയിലുള്ള പതിനേഴുകാരൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി. സംഭവത്തിൽ ബിഎൻഎസ്സിലെ 281, 106 (1) (പൊതുവഴിയിൽ ശ്രദ്ധയില്ലാതെയും അലക്ഷ്യമായും വാഹനമോടിച്ച് മരണത്തിനിടയാക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.




