നിക്ഷേപ തട്ടിപ്പ് കേസ്;തറയില്‍ ഫിനാന്‍സ് ഉടമക്ക് 9 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും
പത്തനംതിട്ട |വഞ്ചനാകേസില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമ തറയില്‍ ഹൗസില്‍ സജി പി സാമിനെ 9 വര്‍ഷം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. ഇത്തരത്തില്‍ ബഡ്സ് ആക്ട് ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ശിക്ഷാവിധിയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എഫ് മിനിമോള്‍ പ്രസ്താവിച്ചത്. കോന്നി അരുവാപ്പുലം ഇളയാംകുന്ന് റെജിയുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ ബന്ധുക്കളില്‍ നിന്നും 8,70,000 രൂപയാണ് സജി സാം വാങ്ങിയത്. അന്നത്തെ പത്തനംതിട്ട എസ് ഐയായിരുന്ന എസ് ഷൈജു ആണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും. തുടര്‍ന്ന് എസ് ഐ സാജന് പീറ്റര്‍ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിന്നി ബി ഹാജരായി. കോടതി നടപടികള്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് കൃഷ്ണന് ഏകോപിപ്പിച്ചു. ഉയര്‍ന്ന പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 100 കോടി രൂപയില്‍ അധികം നിക്ഷേപം സ്വീകരിച്ച് തട്ടിപ്പുനടത്തിയതായി വിവിധ കേസുകളിലായി സജി പി സാമിനെതിരേ അന്വേഷണം നടക്കുന്നത്.





