മുൻ രഞ്ജി ട്രോഫി താരം എൻ.എം. അമർനാഥ് വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും ബാഡ്മിന്റൺ, ഹോക്കി താരവുമായ എൻ.എം. അമർനാഥ് (78) വാഹനാപകടത്തിൽ മരിച്ചു.
കണ്ണൂർ തെക്കീ ബസാറിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ ടാങ്കർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. കണ്ണൂർ ഒണ്ടേൻപറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സുദീപത്തിൽ താമസിക്കുന്ന അമർനാഥ് ‘ലാലേട്ടൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇന്നലെ (ഞായർ) വൈകീട്ട് 5.35ഓടെ തെക്കീ ബസാർ മക്കാനിക്ക് സമീപമായിരുന്നു അപകടം. കാറിടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീണ അമർനാഥിന്റെ ദേഹത്തുകൂടി ടാങ്കർ ലോറിയുടെ ചക്രം കയറിയെന്നാണ് വിവരം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രിക്കറ്റ്, ബാഡ്മിന്റൺ, ഹോക്കി രംഗങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച കായികതാരമായിരുന്നു അമർനാഥ്.
കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഇദ്ദേഹം ബാഡ്മിന്റണിൽ സംസ്ഥാനതല താരവുമായിരുന്നു. പിന്നീട് ബാഡ്മിന്റൺ പരിശീലകനായും പ്രവർത്തിച്ചു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാർ ബേക്കറിയുടെയും സി.സി. ക്രിക്കറ്റ് ക്ലബിന്റെയും സ്ഥാപകരിലൊരാളുമായിരുന്നു.




