ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പിൽ കേസെടുക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം. പത്തനംതിട്ട എസ്പിക്ക് ആണ് ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ഇതോടെ, സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനും വ്യാജ കാർഡുകളിൽ ഒപ്പിട്ട ഡോക്ടർക്കുമെതിരെ നടപടിയുണ്ടാകും.
നേരത്തെ, ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസന്റ് സേവ്യറാണ് തട്ടിപ്പ് നടത്തിയത്. കരാർ വ്യവസ്ഥയിലാണ് ഡോ. വിൻസന്റ് സേവ്യർ അമ്മ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നത്.
വ്യാജമായി ഹെൽത്ത് കാർഡ് നിർമ്മിച്ച അമ്മ ക്ലിനിക്ക് രേഖകളില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്.





