120 കി.മീ വേഗത്തിൽ ‘മുരശ്’ തീരം തൊടും; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ച കര തൊടാന്‍ സാധ്യതയെന്ന് കലാവസ്ഥ വിദഗ്ധർ. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ടുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന് മഴ ദുര്‍ബലപ്പെടുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലവിൽ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവ സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി തുടരുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രി 11:30നും ചൊവ്വാഴ്ച പുലര്‍ച്ച നാലുമണിക്കും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലാണ് ഇത് സംഭവിക്കുക എന്നാണ് പ്രവചനം. ഇത് മണിക്കൂറില്‍ പരമാവധി 120 കി.മീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





