നാടിനെ നടുക്കി കുടുംബവഴക്ക്; കഴുത്തിന് കുത്തേറ്റ യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

വർക്കല: കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കഴുത്തിന് കുത്തി കൊലപ്പെടുത്തി. അയിരൂർ വടശ്ശേരിക്കോണം തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന (30) ആണ് മരിച്ചത്. ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഷാജൻ സുബിനയെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സുബിനയെ ആശുപത്രിയിലെത്തിക്കാനോ സംഭവം ബന്ധുക്കളെയോ അയൽക്കാരെയോ അറിയിക്കാനോ ഷാജൻ തയ്യാറായില്ലത്രെ.അൽപസമയത്തിനുശേഷം അയൽവാസിയും സുഹൃത്തുമായ സനീറിനെ ഫോണിൽ വിളിച്ച് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തിയ സനീറിനോട് ഭാര്യയെ താൻ കുത്തിയെന്നും മരിച്ചുപോയെന്നും ഷാജൻ പറഞ്ഞതായാണ് വിവരം. തുടർന്ന് ഷാജൻ തന്നെ ബന്ധുക്കളെയും പഞ്ചായത്ത് അംഗം രാജേഷിനെയും ഫോൺ ചെയ്ത് വിവരം അറിയിച്ചു. വിവരമറിഞ്ഞയുടൻ രാജേഷ് സുബിനയെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവസമയത്ത് ഷാജന്റെ മാതാവ് നസീമാബീവിയും വീട്ടിന് പുറത്ത് ആയിരുന്നു എന്നാണ് വിവരം. പ്ലംബിങ് തൊഴിലാളിയാണ് ഷാജൻ. പരവൂർ തെക്കുംഭാഗമാണ് സുബിനയുടെ സ്വദേശം. ദമ്പതികൾക്ക് ആറുവയസ്സുള്ള മകളുണ്ട്. സംഭവത്തിൽ ഷാജനെ അയിരൂർ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button