ശ്രീകാര്യം കൊലപാതകം: പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്ക്; പ്രതി ചേര്‍ക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പൊലീസ്. കൊലപാതകത്തെക്കുറിച്ച് പെൺസുഹൃത്തിന് കൃത്യമായ അറിവുണ്ടായിരുന്നെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാൻ അടക്കം ഇവർ കൂട്ടുനിന്നെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെൺസുഹൃത്തിനെയും കേസിൽ പ്രതി ചേർക്കാനാണ് പൊലീസിൻ്റെ തീരുമാനം. അറസ്റ്റിലായ ഉമറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിൻ്റെ പങ്കിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. പെൺസുഹൃത്ത് നിലവിൽ ഒളിവിൽ പോയെന്നാണ് വിവരം. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വൈകാതെ തന്നെ പെൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രതികൾ പരസ്പരവിരുദ്ധമായിട്ടുള്ള മൊഴികളും വിവരങ്ങളും നൽകുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായത്. കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.





