വയോധികന്റെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവർന്നു; 19കാരൻ അറസ്റ്റിൽ

,ലഖ്നൗ: ഉത്തർപ്രദേശിലെ വസീർഗഞ്ചിൽ വയോധികന്റെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ 19കാരൻ അറസ്റ്റിൽ. ‘ഷൂട്ടർ’ എന്നറിയപ്പെടുന്ന ഖുശാൽ കശ്യപാണ് പിടിയിലായത്. ഒക്ടോബർ 26ന് നടന്ന കവർച്ചയിൽ പ്രതിയിൽ നിന്ന് മോഷ്ടിച്ച മാലയുടെ ഒരു ഭാഗവും പൊലീസ് കണ്ടെടുത്തു. വയോധികന്റെ കഴുത്തിൽ നിന്ന് സ്വർണമാല കവരുന്നതിനായി രണ്ട് പേരാണ് ആക്രമണം നടത്തിയത്. കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം മാല തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വയോധികന്റെ മകൻ ആശിഷ് കുമാർ വർമ നൽകിയ പരാതിയിലാണ് വസീർഗഞ്ച് പൊലീസ് കേസെടുത്തത്. പ്രദേശത്തുനിന്ന് ലഭിച്ച വിവരങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നവംബർ രണ്ടിന് പഴം മാർക്കറ്റിന് സമീപം നിർമാണത്തിലിരിക്കുന്ന ഗ്രീൻ കോറിഡോർ പാലത്തിനടിയിലെ റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ മോശം കൂട്ടുകെട്ടിൽ അകപ്പെട്ടതാണ് കുറ്റകൃത്യത്തിന് കാരണമായതെന്നും മാപ്പുനൽകണമെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കവർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടാമത്തെയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്.




