പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രക്കിടെ ബാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
കൽപ്പറ്റ: മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രക്കിടെ ബാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മീനങ്ങാടി യുഡിഎഫ് നേതൃത്വമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് കയറിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ബാറിൽ പൈസ നൽകിയ ബില്ല് സഹിതമാണ് പരാതി നൽകിയത്.
ടീച്ചർമാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പിഴവ് വന്നത് മാപ്പ് അർഹിക്കുന്ന തെറ്റല്ലെന്നും അധ്യാപകന്റെ മറുപടി പൊത്സാഹിപ്പിക്കാനാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 26നും 27നും മദ്യം വാങ്ങിയതിന് തെളിവുണ്ട്. വാങ്ങിയത് ഭക്ഷണമല്ല മദ്യമാണെന്നും യുഡിഎഫ് പറയുന്നു.
അതിക്രൂര വിചാരണയ്ക്കാണ് കുട്ടികൾ വിധേയമായത്. തങ്ങളുടെ നിരപരാധിത്വവും തെളിയിക്കണം. വിദ്യാർഥികളെ അധ്യാപകൻ ഭീഷണിപ്പെടുത്തി. അതാണ് കുട്ടികൾ മൊഴി മാറ്റിയതെന്നും ആരോപിച്ച യുഡിഎഫ് നേതൃത്വം, ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്നും പറഞ്ഞു. കുട്ടികൾ സമരത്തിന് പിന്നിൽ മൂന്ന് അധ്യാപകർക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.





