നന്തിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം; നിര്‍ത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയില്‍
കൊയിലാണ്ടി: നന്തിയില്‍ ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇടയാക്കിയ ലോറി കസ്റ്റഡയില്‍. കെ.എല്‍. 49 ക്യു 5253 നമ്പറിലുള്ള ഭാരത് ബെന്‍സിന്റെ വെളുത്ത നിറത്തിലുള്ള ലോറിയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (എ), 125 (ബി), മോട്ടോര്‍ വാഹന നിയമത്തിലെ 134, 187 വകുപ്പുകള്‍ പ്രകാരമാണ് ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നാരങ്ങോളികുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി.
ഒക്ടോബര്‍ 26നായിരുന്നു സംഭവം.സുഹൃത്ത് മുഹമ്മദ് മനൂഫിനൊപ്പം കൊയിലാണ്ടിയില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവെ രാത്രി 10.15നായിരുന്നു അപകടം. നന്തി മേല്‍പ്പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
. ഇതിന് പിന്നാലെ ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വികളടക്കം കേന്ദ്രീകരിച്ച് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്ടോബര്‍ 29നാണ് ഷിഹാബ് മരണപ്പെട്ടത്. ഇതിന് പിന്നാലെ അപകടത്തിന് ഇടയാക്കിയ വാഹനത്തിനും ഓടിച്ചയാള്ക്കുമെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.





