ജിഎന്എ വഴി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല; ഡിസംബർ വരെ പ്രതിസന്ധിയില്ല: റെഗുലേറ്ററി കമ്മിഷൻ
കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നിർണായക വിലയിരുത്തലുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.
കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നിർണായക വിലയിരുത്തലുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.
ഡിസംബർ വരെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നും പുതിയ വൈദ്യുതി കരാറിന്റെ ആവശ്യമില്ലെന്നുമാണ് കമ്മിഷന്റെ വിലയിരുത്തൽ.
കെഎസ്ഇബി സമർപ്പിച്ച കണക്കുകളും പവർ എക്സ്ചേഞ്ച്, തത്സമയ വൈദ്യുതി വിപണി എന്നിവ വഴിയുള്ള ലഭ്യതയും പരിശോധിച്ചാണ് കമ്മിഷൻ ഈ നിലപാടിലെത്തിയത്. നിലവിൽ ഡിസംബർ വരെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ നിലനിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തുന്നു.
കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത കമ്പനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സംസ്ഥാനങ്ങളുമായി വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടാൻ ജി.എൻ.എയ്ക്ക് ആവശ്യമായ അനുമതിയില്ലെന്നും വൈദ്യുതി വിതരണ കമ്പനികളുമായി വ്യാപാരം നടത്തുന്നതിനുള്ള ട്രേഡിങ് ലൈസൻസ് ലഭിച്ചിട്ടില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു.
കൂടാതെ, ജി.എൻ.എ നേരിട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചതിന് പിന്നിലെ സാഹചര്യങ്ങളും സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെബിയുടെ അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.





