പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി 24 പവൻ കവർന്നത് ആഡംബര ജീവിതത്തിന്: കാറും മൂന്ന് ആഡംബര ബൈക്കുകളും വാങ്ങിയെന്ന് പ്രതികളായ കൗമാരക്കാർ
കോട്ടയം: കോട്ടയത്ത് പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നത് ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണെന്ന് പ്രതികളായ കൗമാരക്കാരുടെ മൊഴി. ഒരു കാറും മൂന്ന് ബൈക്കുകളും പ്രതികൾ വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 24 ലക്ഷം രൂപയുടെ സ്വർണമാണ് പത്താം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പ്രതികൾ കൈക്കലാക്കിയത്.പത്താം ക്ലാസുകാരൻ്റെ സീനിയറായ മൂന്ന് വിദ്യാർഥികൾ ചേർന്ന് 2026 മാർച്ച് മാസം മുതൽ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെയും മാതാപിതാക്കളെയും സഹോദരിയെയും കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. അങ്ങനെ പലപ്പോഴായി 24 പവൻ സ്വർണം പ്രതികൾ വാങ്ങിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. തുടർന്ന് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയും പാമ്പാടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ പാമ്പാടി സ്വദേശികളായ അൻസിൽ മുഹമ്മദ് (18), നിതിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ടുപേർ എൻജിനീയറിങ് വിദ്യാർഥികളും ഒരാൾ പ്രൈവറ്റ് കോളജിൽ പഠിക്കുന്നയാളുമാണ്.സ്വർണം എവിടെയൊക്കെ വിറ്റു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി





