തൃശൂരിൽ വൻ ലഹരിവേട്ട; ഇരുപത് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
തൃശ്ശൂർ:കൈപ്പമംഗലത്ത് ഇരുപത് ലക്ഷത്തോളം രൂപ വിലവരുന്ന രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയില്‍. പെരിഞ്ഞനം വഴിയമ്പലം സ്വദേശി മിൻഷാദ്, ചക്കരപ്പാടം സ്വദേശി ഷജില്‍ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും 39.390 ഗ്രാം എം.ഡി.എം.എ (MDMA) പിടിച്ചെടുത്തത്.
വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്ലോർ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിശേഖരം. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.





