ലൈംഗികാതിക്രമം എതിർത്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു, ഇടതു കൈ നഷ്ടമായി; മധ്യവയസ്കൻ അറസ്റ്റിൽ
വസായ്: മുംബൈയിലെ നൈഗാവ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ 20കാരിക്ക് ഇടതുകൈ നഷ്ടമായി. സംഭവത്തിൽ 53കാരനായ പ്രതിയെ ഭയന്ദർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശിയായ ജിതേന്ദ്ര ഹിർമുഖെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നൈഗാവിൽ താമസിക്കുന്ന 20കാരിയായ സൂഫിയ ഷെയ്ഖാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം വൈകീട്ട് ബോറിവിലിയിൽ നിന്ന് വിരാറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിനിൽ വൻ തിരക്കായിരുന്നതിനാൽ അബദ്ധത്തിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കമ്പാർട്ട്മെന്റിലാണ് അവർ കയറിയത്. ഇതേ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ജിതേന്ദ്ര ഹിർമുഖെ യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു. എന്നാൽ യുവതി ശക്തമായി എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ നൈഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിലുള്ള സ്ഥലത്തേക്കാണ് യുവതി വീണത്. വീഴ്ചയ്ക്കുശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടുനീങ്ങിയതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം മുഖം തൂവാലകൊണ്ട് മറച്ച് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് യുവതിയുടെ ഇടതുകൈ കൈമുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടിവന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച റെയിൽവേ പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.





