സ്പീഡ് ട്രാക്കിലൂടെ തെറ്റായ ദിശയിൽ ഓട്ടോറിക്ഷയുടെ അപകട യാത്ര നടത്തിയ സംഭവം ; ഡ്രൈവറും വാഹനവും പോലിസ് കസ്റ്റഡിയിൽ
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തിക്കും തിക്കോടിയ്ക്കും ഇടയില്‍ ഉയരപ്പാതയിലൂടെ തെറ്റായ ദിശയില്‍ ഓട്ടോറിക്ഷയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ.
നന്തി കടലൂർ സ്വദേശിയെയാണ് കൊയിലാണ്ടി പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.അപകടകരമായ രീതിയില്‍ സ്പീഡ് ട്രാക്കിലൂടെ ഓട്ടോ കടന്നുവന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലിസ് വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്.
അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തതെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ധ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൊയിലാണ്ടി എസ് എച്ച് ഒ അശോക് കിരൺ പറഞ്ഞു.ഈ സമയത്ത് അതുവഴി കടന്നുപോയ ആംബുലന്‍സിന്റെ സിസിടിവിയിലാണ് അപകടകരമായ രീതിയില്‍ സ്പീഡ് ട്രാക്കിലൂടെ ഓട്ടോ കടന്നുവന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്





