മെസ്സിയെ കൊണ്ടുവന്ന് പന്ത് തട്ടിക്കലായിരുന്നില്ല, പണം തട്ടലായിരുന്നു അവരുടെ പ്ലാൻ’: കായിക മന്ത്രി ഒ.ജെ. ജനീഷ്
‘
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുകേസിൽ വി.അബ്ദുറഹിമാനും പിണറായിക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടു വന്ന് പന്ത് തട്ടിക്കലായിരുന്നില്ല മറിച്ച് പണം തട്ടലായിരുന്നു പദ്ധതിയെന്നും കായിക വകുപ്പിൽ അഴിമതി നടത്താൻ വരെ ചിലർ ശ്രമിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷക്കാലത്ത് ഇടതുപക്ഷ സര്‍ക്കാർ നടത്തിയ പല അഴിമതിയും പുറത്തുവരാനുണ്ടെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാൻ കൂട്ടുനിന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യം ഗൗരവതരമായ ഒരു വിഷയമാണ്. മെസ്സി കേരളത്തിൽ വന്ന് നമ്മുടെ കലൂർ സ്റ്റേഡിയത്തിൽ പന്തു തട്ടുമെന്നുമെന്ന് വാഗ്ദാനം നൽകി മലപ്പുറവും കോഴിക്കോടുമടക്കമുള്ള സ്ഥലങ്ങളിലൂടെ മന്ത്രി ഓപണ്‍ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തിരുന്നു അന്നത്തെ മന്ത്രി. ഇത്തരത്തിൽ പ്രചാരണം നടത്തി വലിയ രീതിയില്‍ സാമ്പത്തിക സമാഹരണം നടന്നെന്നും മന്ത്രി ഒ ജെ ജെനീഷ് ആരോപിച്ചു. പദ്ധതിയുടെ പേരിൽ കേരള സർക്കാറിന് സാമ്പത്തികപരമായി ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നാണ് ഇടത് നേതാക്കന്മാരും സ്പോണ്‍സറും നിരന്തരം വാദിക്കുന്നത്. എന്നാൽ, അതിനായി സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനങ്ങളെയും ഉദ്യോഗസ്ഥരുടെ സേവനങ്ങളും ദുരുപയോഗം ചെയ്തതും നഷ്ടങ്ങൾ തന്നെയാണ്. സര്‍ക്കാര്‍ ലേബല്‍ ഉപയോഗിച്ചാണ് സാമ്പത്തിക സമാഹരണമുണ്ടായതെന്നും അതിന് അന്നത്തെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അടക്കം കൂട്ടുനിന്നെന്നും മുന്‍ മുഖ്യമന്ത്രി തന്നെ മെസ്സി കേരളത്തിലെത്തുമെന്ന് ഉറച്ച വാഗ്ദാനം നൽകുകയും ജനങ്ങളെ കബളിപ്പിക്കുകയും ആയിരുന്നുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. മുൻമന്ത്രിക്കെതിരായ അന്വേഷണമായതിനാൽ അനുമതി തേടി സർക്കാർ ലോക്ഭവന് കൈമാറിയ ഫയലിൽ ഗവർണർ ഓം പ്രകാശ് മാഥൂർ അനുമതി നൽകി സുപ്രധാന തീരുമാനമെടുക്കുകയായിരുന്നു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായിരുന്ന സമയത്താണ് അനുമതി തേടിയതെങ്കിലും സ്ഥാനമൊഴിയുന്ന സാഹചര്യമായതിനാൽ ഫയലിൽ ഒപ്പിട്ടില്ല. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നൽകിയത്.





