അസമിലെ കാസിരംഗയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 23 മരണം; നിരവധി പേർക്ക് പരുക്ക്
കാസിരംഗ: അസമിലെ കാസിരംഗയിൽ മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർഥികളാണ്.കാസിരംഗയിലെ രംഗജനിൽ ദേശീയപാത 27-ലാണ് അപകടമുണ്ടായത്. മിനി ബസ് നിയന്ത്രണം വിട്ട് കർണാടക റജിസ്ട്രേഷനുള്ള കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ കൊഹോറ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ അതുൽ ബോറ (20), അരുൺ കുമാർ (20) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിയപ്പെട്ട രണ്ടുപേർ.അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. “കാസിരംഗയിലുണ്ടായ ദാരുണമായ അപകടം എന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു. ഈ വലിയ നഷ്ടം നമ്മെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഒട്ടും വൈകാതെ ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. മന്ത്രി അതുൽ ബോറ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്” – മുഖ്യമന്ത്രി എക്സിൽ കുറിച്ചു.





