ഇ.ഡി ഉദ്യോഗസ്ഥനെന്ന് ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
എറണാകുളം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഐ.സി.സി.എസ്.എൽ എന്ന സ്ഥാപനത്തിലേക്കാണ് ഇ.ഡിയുടെ പേരിൽ പ്രതി വ്യാജ കത്ത് അയച്ചത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് സ്ഥാപന അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാജേന്ദ്രൻ വലയിലായത്. അറസ്റ്റിലായ പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





