പെപ്സിക്കും ചിപ്സിനും പണം ചെലവാക്കുന്നില്ലേ? മൊബൈൽ റീചാർജിന് 350 രൂപ മുടക്കിയാലെന്താ? എയർടെൽ സ്ഥാപകൻ
ന്യൂഡൽഹി: മൊബൈൽ റീചാർജ് നിരക്കുകൾ ഇനിയും വർധിപ്പിക്കണമെന്ന ആവശ്യവുമായി ഭാരതി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ടെലികോം സേവനങ്ങൾക്ക് ഉപയോക്താക്കൾ പ്രതിമാസം ശരാശരി 350 രൂപ ചെലവഴിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പെപ്സി, ചിപ്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ നൽകുന്ന തുകയുമായി താരതമ്യം ചെയ്താണ് മൊബൈൽ സേവനങ്ങളുടെ നിരക്ക് വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.ഭാരതി എന്റർപ്രൈസസിന്റെ 50 വർഷത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മിത്തൽ ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈൽ ഫോണുകൾ ഇന്ന് കേവലം ആശയവിനിമയത്തിനുള്ള ഉപകരണമല്ലെന്നും ബാങ്കിങ്, വിദ്യാഭ്യാസം, വിനോദം, സർക്കാർ സേവനങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിമാസം 350 രൂപ എന്നത് കണക്കാക്കിയാൽ പ്രതിദിനം ശരാശരി 10 മുതൽ 12 രൂപ വരെയാണ് ചെലവ് വരുന്നത്. ഇത്രയേറെ സേവനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ഈ തുക ന്യായമാണെന്നാണ് മിത്തലിന്റെ വാദം. മൊബൈൽ കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ നിലവിലെ താരിഫ് നിരക്കുകൾ വളരെ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിങ് സേവനങ്ങൾ, യുപിഐ ഇടപാടുകൾ, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം ഇന്ന് മൊബൈൽ ഫോൺ നിർബന്ധമാണ്. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ വിനോദ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഇതിലൂടെ സാധ്യമാകുന്നു. ഇത്രയേറെ സേവനങ്ങൾ ലഭിക്കുന്നതിന് പ്രതിമാസം 350 രൂപ നൽകുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നേരത്തെ പ്രതിമാസം ശരാശരി 300 രൂപയെന്നായിരുന്നു മിത്തൽ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ പത്ത് വർഷം മുമ്പുള്ള കണക്കാണിതെന്നും പണപ്പെരുപ്പവും ടെലികോം ശൃംഖലയുടെ പ്രവർത്തനച്ചെലവിലെ വർധനയും പരിഗണിക്കുമ്പോൾ 350 രൂപയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനം, വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം വർധിച്ചുവരികയാണ്. അതോടൊപ്പം രാജ്യത്ത് ടെലികോം അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്നും മിത്തൽ ചൂണ്ടിക്കാട്ടി.ഇന്ത്യയും ചൈനയും തമ്മിലുള്ള മൊബൈൽ ടവറുകളുടെ എണ്ണത്തിലെ വ്യത്യാസവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ചൈനയിൽ പത്ത് ലക്ഷത്തിലധികം മൊബൈൽ ടവറുകളുള്ളപ്പോൾ ഇന്ത്യയിൽ ഏകദേശം 3.5 ലക്ഷം ടവറുകളാണുള്ളത്. നിലവിലുള്ള ടവർ ശൃംഖല കുറഞ്ഞത് ഇരട്ടിയാക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫൈബർ കണക്റ്റിവിറ്റിയും കടലിനടിയിലൂടെയുള്ള കേബിൾ ശൃംഖലകളും വികസിപ്പിക്കുന്നതിനും വലിയ നിക്ഷേപം ആവശ്യമാണ്. 5ജി സേവനങ്ങൾക്കായി ടെലികോം കമ്പനികൾ വൻതുക ചെലവഴിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച തോതിലുള്ള വരുമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എപ്പോഴാകും നിരക്ക് വർധന? പ്രതിമാസം ശരാശരി 350 രൂപയുടെ റീചാർജ് നിരക്ക് എപ്പോൾ നടപ്പിലാകുമെന്ന കാര്യത്തിൽ മിത്തൽ വ്യക്തമായ സൂചന നൽകിയില്ല. ഇതിന് കൃത്യമായ സമയപരിധി പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അതേസമയം, ടെലികോം മേഖലയിൽ വീണ്ടും നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ സജീവമാണ്. 2024 ജൂണിലാണ് അവസാനമായി വലിയ നിരക്ക് വർധനയുണ്ടായത്. അന്ന് വിവിധ കമ്പനികൾ താരിഫ് നിരക്കുകൾ 10 മുതൽ 25 ശതമാനം വരെ ഉയർത്തിയിരുന്നു. 2019ന് ശേഷം ഇതുവരെ മൂന്ന് പ്രധാന നിരക്ക് വർധനകളാണ് ഉണ്ടായത്.മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ വേണംരാജ്യത്ത് സാമ്പത്തികമായി ശക്തമായ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും മിത്തൽ ചൂണ്ടിക്കാട്ടി. വോഡഫോൺ ഐഡിയയും ബിഎസ്എൻഎല്ലും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.





