പരശുരാമനായി മമ്മൂട്ടി ആയിരുന്നെങ്കിൽ വളരെ നന്നായേനെ, രാമന്റെ വേഷം രൺബീറിന് ചേരുന്നില്ല; ആർ. ശ്രീലേഖ
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം – പാർട്ട് 1’ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് ബിജെപി കൗൺസിലറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ചിത്രം എല്ലാ മേഖലയിലും മികച്ച നിലവാരം പുലർത്തുമ്പോൾ ചിത്രത്തിലെ നായകൻ രൺബീർ കപൂറിന്റെ അഭിനയശൈലി അത്ര മികച്ചതല്ലെന്നും പരശുരാമനായി മമ്മൂട്ടി ആയിരുന്നെങ്കിൽ വളരെ നന്നായേനെ എന്നും ശ്രീലേഖ പറഞ്ഞു. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് രൺബീർ കപൂറിനെ വിമർശിച്ചും മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ചും രംഗത്തെത്തിയത്.2026 നവംബർ 5ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ, വളരെയേറെ ഭാവാഭിനയമുള്ള നടനായ രൺബീർ കപൂറിന് ഇതിലെന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങൾ അധികം കാണുന്നില്ലെന്ന് ശ്രീലേഖ പറഞ്ഞു. ‘ചിത്രത്തിലെ രാമന്റെ വേഷം കൈകാര്യം ചെയ്ത രൺബീർ കപൂറിന്റെ അഭിനയം പൂർണ്ണമായും തൃപ്തികരമല്ലെന്ന അഭിപ്രായമാണ് ആർ. ശ്രീലേഖ പങ്കുവെച്ചത്. വളരെയേറെ ഭാവാഭിനയ ശേഷിയുള്ള നടനാണെങ്കിലും, ഈ ചിത്രത്തിൽ രൺബീറിന്റെ മുഖത്ത് ഭാവങ്ങൾ വളരെ കുറവാണ്. പ്രണയം, അച്ഛനുമായുള്ള പിരിയൽ, ദേഷ്യം തുടങ്ങിയ വികാരത്തള്ളിച്ച ഉണ്ടാകേണ്ട രംഗങ്ങളിൽ പോലും അദ്ദേഹം ബുദ്ധനെപ്പോലെ വളരെ ശാന്തനായിട്ടാണ് കാണപ്പെട്ടതെന്നും, കണ്ണുകളിൽ ആ വികാരങ്ങളോ അഭിനയമോ പ്രകടമാകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.’, ശ്രീലേഖ പറഞ്ഞു.അതേസമയം, പരശുരാമന്റെ വേഷം രൺബീർ കപൂർ തന്നെ ചെയ്യണമായിരുന്നോ എന്ന സംശയം പ്രകടിപ്പിച്ച ആർ. ശ്രീലേഖ, ആ വേഷം മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് നൽകിയിരുന്നെങ്കിൽ വളരെ നന്നായേനെ എന്ന് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ കഥാപാത്ര നിർമ്മിതിയെക്കുറിച്ച് സംസാരിക്കവെയാണ് മമ്മൂട്ടിയെക്കുറിച്ചുള്ള പരാമർശം കടന്നുവന്നത്. മമ്മൂട്ടിയെപ്പോലെയുള്ള ഒരു അഭിനയപ്രതിഭ ആ വേഷം കൈകാര്യം ചെയ്തിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു തലം ലഭിക്കുമായിരുന്നു എന്നാണ് ശ്രീലേഖയുടെ വിലയിരുത്തൽ.ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിലും സാങ്കേതിക തികവിലും ഒരുങ്ങുന്ന പാൻ-ഇന്ത്യൻ ഇതിഹാസ ചിത്രങ്ങളിൽ ഒന്നായ രാമായണ, റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. രൺബീർ കപൂർ രാമന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡിലെയും മറ്റ് ഇൻഡസ്ട്രികളിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.ഈ അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാമായണം പോലുള്ള വലിയൊരു ഇതിഹാസ കാവ്യത്തെ വെള്ളിത്തിരയിലെത്തിക്കുമ്പോൾ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിനെയും പ്രകടനങ്ങളെയും കുറിച്ച് പ്രേക്ഷകരുടെയും പ്രമുഖരുടെയും ഭാഗത്തുനിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.





