അനധികൃത ഖനനം: നിലമ്പൂരിൽ മണ്ണുമാന്തി യന്ത്രവും ലോറികളുമടക്കം 17 വാഹനങ്ങൾ പൊലീസ് പിടികൂടി
നിലമ്പൂർ : ചെങ്കല്ല്, മണ്ണ് ഖനനം നടത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ 17 വാഹനങ്ങൾ പൊലീസ് പിടികൂടി. രണ്ടിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. വെള്ളാമ്പുറം റെയിൽവേ അടിപ്പാതക്ക് സമീപം ചെങ്കൽ ക്വാറിയിൽ പരിശോധന നടത്തി 14 വാഹനങ്ങളും പുളിയക്കോട് മണ്ണു കടത്തിയ മൂന്ന് വാഹനങ്ങളുമാണ് എസ്.ഐ വി.കെ. പ്രദീപിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. നിലമ്പൂർ ഡിവൈ.എസ്.പി സ്ക്വാഡിലെ സി.സി.പി.ഒമാരായ സാബിർ അലി, പി. സജീഷ്, സി.പി.ഒമാരായ സി.കെ. സജേഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളാമ്പുറത്തെ ക്വാറിയിൽ പരിശോധന നടത്തിയത്. അനധികൃതമായാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി പരിശോധനക്കിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.സി.പി.ഒ കെ. വ്യതീഷ്, സി.പി.ഒ കെ. മിർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പുളിയക്കോട്ടുനിന്നു മണ്ണു ഖനനം നടത്തി കടത്തിയ മൂന്ന് ലോറികളും പിടികൂടി. ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയതായി അധികൃതർ അറിയിച്ചു.





