മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി സ്പാർക്ക് വഴി ശമ്പളം; പുതിയ രീതി 2027 ജനുവരി മുതൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പള വിതരണം പുതിയ രീതിയിലേക്ക് മാറുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരുടെ ശമ്പള ബില്ലുകൾ ഇനി സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ഉപയോഗിക്കുന്ന സ്പാർക്ക് സംവിധാനത്തിലൂടെ തയ്യാറാക്കും. 2027 ജനുവരി മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും.നിലവിൽ ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ ശമ്പള ബില്ലുകൾ സ്പാർക്ക് സംവിധാനത്തിന് പുറത്താണ് തയ്യാറാക്കിയിരുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം സ്പാർക്ക് വഴിയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ ശമ്പളത്തിനായി പ്രത്യേക സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.പുതിയ തീരുമാനപ്രകാരം പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശമ്പള ബില്ലുകൾ സ്പാർക്കിൽ തയ്യാറാക്കും. തുടർന്ന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും.ശമ്പള ബിൽ തയ്യാറാക്കൽ മുതൽ വിതരണം വരെയുള്ള നടപടികൾ ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം. ഇതോടെ ഭരണഘടനാ പദവികളിലുള്ളവരുടെ ശമ്പള വിതരണവും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സംവിധാനത്തിന്റെ ഭാഗമാകും.





