ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; ഈ കാർഡുകാർക്ക് ബാധകമല്ല…. കൂടുതൽ വിവരങ്ങൾ ഇതാ….
തിരുവനന്തപുരം: തുടർച്ചയായി ആറുമാസം വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം. മുൻഗണന
പട്ടികയിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾ മരവിപ്പിക്കാനാണ് ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് നിർദേശം
നൽകിയത്. പൊതുവിഭാഗങ്ങളായ നീല, വെള്ള കാർഡുകാർക്ക് ഇത് ബാധകമല്ല. മൂന്നുമാസത്തിനകം ഇ.കെ.വൈ.സി പൂർത്തിയാക്കിയാൽ കാർഡുകൾ
പുനഃസ്ഥാപിക്കാം.
കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രത്തിന്റെ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്ത് മുൻഗണന പട്ടികയിലുള്ള 98 ശതമാനം പേരും കൃത്യമായി
റേഷൻ വാങ്ങുന്നവരാണ്. ബാക്കി രണ്ടു ശതമാനത്തിനേ പുതിയ നിർദേശം ബാധകമാവൂ. നിലവിൽ മൂന്നുമാസം റേഷൻ വാങ്ങാത്തവരും രേഖകൾ
സമർപ്പിക്കാത്തവരുമായ മുൻഗണന പട്ടികയിലുള്ളവരെ സിവിൽ സപ്ലൈസ് വകുപ്പ് തന്നെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നുണ്ട്. അതിനാൽ കേരളത്തിൽ
ചെറിയൊരു ശതമാനം ഉപഭോക്താക്കളെ മാത്രമേ കേന്ദ്ര നിർദേശം ബാധിക്കൂ എന്നാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. കേന്ദ്രം
രാജ്യമൊട്ടാകെ നടപ്പാക്കുന്ന സ്മാർട്ട് പി.ഡി.എസ് സംവിധാനത്തിന്റെ ഭാഗമായാണ് റേഷൻ കാർഡുകൾ കർശന പരിശോധനക്ക് വിധേയമാക്കുന്നത്.പൊതുവിതരണ സംവിധാനം പൂർണമായി ആധുനികവത്കരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട്
പി.ഡി.എസ്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും റേഷൻ വിതരണ ശൃംഖല ഈ ഏകീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ വിവരങ്ങളും റേഷൻ വാങ്ങിയവരുടെ
എണ്ണവും അറിയാനും ഭക്ഷ്യധാന്യങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാനുമാവും. റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ പൊതുവിതരണ
സംവിധാനത്തിൽനിന്ന് താൽക്കാലികമായി നീക്കുകയാണ് ചെയ്യുക. രേഖകൾ നൽകുന്ന മുറക്ക് പുനഃസ്ഥാപിക്കും. കൂടുതൽ വിവരങ്ങൾ അതാത് റേഷൻ കടകൾ വഴി
ഉപഭോക്താക്കൾക്ക് അറിയാം.





