പകൽ വസ്ത്ര വ്യാപാരി, രാത്രി മോഷ്ടാവ്; നൂറോളം കേസുകളിലെ പ്രതി പിടിയിൽ
മഞ്ചേരി: വസ്ത്ര വ്യാപാരിയാണെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച്, ആളില്ലാത്ത വീടുകളിൽ തുടർച്ചയായി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ. തേഞ്ഞിപ്പലം 14-ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീനെ (43) ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആഡംബര കാറുകളിൽ കറങ്ങി നടന്നാണ് വീടുകൾ കണ്ടെത്തുന്നത്. അർധരാത്രി ഇരുചക്ര വാഹനത്തിൽ എത്തി മുഖം മറച്ചാണ് വീടുകളിൽ കയറിയിരുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര വീടാണ് പ്രതി കാവനൂരിന് സമീപം നിർമ്മിക്കുന്നത്.
മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും സമാനരീതിയിൽ മോഷണം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്കെടുത്താണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം തെളിവുകൾ നശിപ്പിച്ച ശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യുകയാണ് രീതി. മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കും. ഒരു പ്രദേശത്ത് കവർച്ച നടത്തിയ ശേഷം അടുത്ത ജില്ലയിലേക്ക് പോയി സുഖജീവിതം നയിക്കുന്നതായിരുന്നു പതിവ്.
പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. പാലക്കാട് ജില്ലയിൽ ഒട്ടേറെ കേസുകളുള്ള സൈനുദ്ദീൻ 2024-ൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.





