പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുതെന്ന സന്ദേശം റെക്കോര്‍ഡ് ചെയ്ത് ബസിലും സ്റ്റാന്‍ഡിലും കേള്‍പ്പിക്കണം -ഹൈക്കോടതി
കൊച്ചി: പമ്പാനദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കരുതെന്ന സന്ദേശം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേള്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക്, ഷാംപൂ കവറുകള്‍ നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുത്, കൃത്രിമ കുങ്കുമം ഉപയോഗിക്കരുത്, പമ്പയുടെ ശുചിത്വം പാലിക്കണം തുടങ്ങിയ സന്ദേശങ്ങള്‍ നിശ്ചിത ഇടവേളകളില്‍ വിവിധ ഭാഷകളില്‍ കേള്‍പ്പിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് നിര്‍ദേശിച്ചത്. ഇതിനായി റെക്കോര്‍ഡ് ചെയ്ത ഓഡിയോ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കൈമാറാനും നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. എരുമേലിയിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഈടാക്കുന്ന നിരക്കുകള്‍ക്കൊപ്പം വാഹനം പാര്‍ക്ക് ചെയ്യാവുന്ന സമയപരിധി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എരുമേലി ദേവസ്വം ബോര്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടിലെ ശുചിമുറികള്‍ക്ക് മുന്നില്‍ കുന്നുകൂടിയ മാലിന്യം ഉടന്‍ നീക്കണം. എരുമേലി വലിയതോട്ടിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും തള്ളരുതെന്നും സന്ദേശമായി അറിയിക്കണം. ശബരിമല സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ ശുചിത്വവും സുഗമമായ സൗകര്യങ്ങളും ഉറപ്പാക്കണം. പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രങ്ങള്‍ നിക്ഷേപിക്കാന്‍ വാട്ടര്‍ പ്രൂഫ് ബിന്നുകളും നിരീക്ഷണത്തിനായി സിസിടിവി കാമറകളും സ്പീക്കറുകളും വേണമെന്നടക്കം നിര്‍ദേശിച്ച കോടതി മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും നിര്‍ദേശം നല്കി. തുടര്‍ന്ന് വിഷയം വീണ്ടും നവംബര്‍ 30ന് പരിഗണിക്കാന്‍ മാറ്റി. പമ്പയില്‍ ഉപേക്ഷിക്കുന്ന തുണിമാലിന്യം ശബരിമലയിലെ വലിയ മാലിന്യപ്രശ്നമാകുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ പുറത്തെടുത്തത് 2,39,386 കിലോഗ്രാം തുണിമാലിന്യമാണ്. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്രയും തുണിമാലിന്യം നീക്കിയത്. നിലയ്ക്കല്‍ ഹെലിപ്പാഡിന് സമീപത്ത് നിന്ന് മാത്രം ക്ലീന്‍ കേരള കമ്പനി പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണിയാണ്.





