റഷ്യൻ ആക്രമണം; കിയവിലെ 1,000 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശ്രമ സമുച്ചയം കത്തിനശിച്ചു
കിയവ്: ഞായറാഴ്ച രാത്രിയുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുക്രൈനിലെ കിയവ് പെചെർസ്ക് ലാവ്രയിലുള്ള ചരിത്രപ്രസിദ്ധമായ ആശ്രമ സമുച്ചയത്തിന് കടുത്ത നാശനഷ്ടം. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഡോർമിഷൻ കത്തീഡ്രലിന്‍റെ മേൽക്കൂരക്കാണ് തീപിടിച്ചത്. 1,000 വർഷം പഴക്കമുള്ള ആരാധനാലയമായ കിയവ് പെചെർസ്ക് ലാവ്ര ആശ്രമത്തിൽ നിന്ന് തീജ്വാലകൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശ്രമ സമുച്ചയത്തിനുള്ളിലെ മറ്റൊരു കെട്ടിടത്തിനും തീപിടിച്ച് സാരമായ കേടുപാടുകൾ സംഭവിച്ചു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മതപരമായി വളരെയധികം പ്രാധാന്യമുള്ള ആരാധനാലയമാണ് ലാവ്ര ആശ്രമം. ദേവാലയത്തിന്‍റെ തകര്‍ന്ന ഭിത്തികളും മേൽക്കൂരകളും നിലത്ത് ചിതറിക്കിടക്കുന്ന കത്തിയ ലോഹക്കഷ്ണങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളും തൊഴിലാളികളും അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുന്നതും കാണാം. പ്രസിഡന്‍റ് വ്ളോദിമർ സെലെൻസ്‌കിയും സ്ഥിതിഗതികൾ വിലയിരുത്തുന്നത് കാണാം.”ക്രിസ്ത്യൻ സംസ്കാരത്തിനെതിരെ റഷ്യ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണിത്,” സെലെൻസ്‌കി എക്‌സിൽ കുറിച്ചു. രാജ്യത്തുടനീളം ഏകദേശം 70 മിസൈലുകളും 600 ലധികം ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ഒരു രാത്രി മുഴുവൻ ആക്രമണം നടത്തിയതായി യുക്രൈൻ വ്യക്തമാക്കുന്നു. കിയവിൽ മിസൈലുകളും ഡ്രോണുകളും ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 23 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഖാർകിവിൽ കുറഞ്ഞത് 9 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണം മൂലം ഏകദേശം 140,000 വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഡിനിപ്രോയിൽ, റെയിൽവേ സ്റ്റേഷൻ, കോളജ്, നിരവധി സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗ്രൗണ്ടിന് നേരെയും ആക്രമണമുണ്ടായി





