പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസുകാരന് വെടിയേറ്റു; തോക്ക് കൊണ്ടുവന്നത് സഹപാഠി…
തൃത്താല∙ പാലക്കാട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നുമാണു വിദ്യാർഥിക്കു വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണു വെടിയേറ്റത്. വെടിയേറ്റ വിദ്യാർഥിയെ ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണു ലഭിക്കുന്ന വിവരം.
അതേസമയം, വിദ്യാർഥിക്ക് തോക്ക് എവിടെനിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വളരെ പഴക്കം ചെന്ന തോക്കെന്നാണു ലഭിക്കുന്ന വിവരം. വിദ്യാർഥിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.





