പക്ഷിപ്പനി കാലത്ത് ചിക്കനും മുട്ടയും കഴിച്ചാൽ രോഗം പകരുമോ? പ്രോട്ടീൻ നഷ്ടപ്പെടാതെ സുരക്ഷിതമായി കഴിക്കാനുള്ള വഴി ഇതാ!
തമിഴ്നാട്ടിൽ കോഴിഫാമുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചതോടെ ചിക്കനും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയിലാണ് പലരും. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പാടിക്ക് സമീപമുള്ള കോഴിഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഏകദേശം 40,000 കോഴികളെ കൊന്നൊടുക്കിയതായാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം തടയുന്നതിനായി ബാധിത പ്രദേശത്ത് ബ്രോയിലർ കോഴി വളർത്തലിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് തമിഴ്നാട് പൊതുജനാരോഗ്യ ഡയറക്ടർ ഡോ. സോമസുന്ദരം അറിയിച്ചിട്ടുണ്ട്. പതിവായി മുട്ടയും ചിക്കനും പ്രോട്ടീൻ ഉറവിടമായി ഉപയോഗിക്കുന്നവർക്ക് ഇത്തരം സാഹചര്യത്തിൽ ആശങ്കയുണ്ടാകാം. എന്നാൽ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ലഭിക്കുന്ന ചിക്കനും മുട്ടയും കൃത്യമായി പാകം ചെയ്ത് ശുചിത്വത്തോടെ കൈകാര്യം ചെയ്താൽ കഴിക്കാമെന്നാണ് അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി ചാരു ദുവയുടെ വിശദീകരണം. പക്ഷിപ്പനി കാലത്ത് ചിക്കനും മുട്ടയും കഴിക്കാമോ? പക്ഷിപ്പനി വൈറസുകൾ ഉയർന്ന താപനിലയിൽ നശിക്കുന്നവയാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും 70 ഡിഗ്രി സെൽഷ്യസ് താപനില ഉറപ്പാക്കി പാകം ചെയ്യുന്നത് വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. അതിനാൽ നന്നായി വേവിച്ച ചിക്കനും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പച്ചയോ പാതിവെന്തതോ ആയ ഇറച്ചിയും മുട്ടയും ഒഴിവാക്കണം. രോഗബാധയുള്ള പക്ഷികളുമായുള്ള നേരിട്ടുള്ള സമ്പർക്കം, അവയുടെ സ്രവങ്ങൾ, വിസർജ്യം, മലിനമായ പ്രതലങ്ങൾ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരാനുള്ള പ്രധാന സാധ്യത. പച്ച ചിക്കൻ കൈകാര്യം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്. അസുഖമുള്ളതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുകയോ അവയുടെ മാംസം ഭക്ഷിക്കുകയോ ചെയ്യരുത്. മുട്ടയും ചിക്കനും ഒഴിവാക്കിയാൽ പ്രോട്ടീൻ കുറയുമോ? മുട്ടയും ചിക്കനും ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ പ്രധാന ഉറവിടങ്ങളാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 6–7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വേവിച്ച ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 30 ഗ്രാം പ്രോട്ടീനും ലഭിക്കും. പേശികളുടെ സംരക്ഷണം, ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപ്പണി, പ്രതിരോധപ്രവർത്തനം തുടങ്ങിയവയ്ക്ക് പ്രോട്ടീൻ ആവശ്യമാണ്. പക്ഷിപ്പനി ഭയന്ന് ഇവ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നവർക്ക് പകരം മറ്റ് പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പരിപ്പ്, കടല, ചെറുപയർ, വൻപയർ തുടങ്ങിയ പയർവർഗങ്ങൾ, പാൽ, തൈര്, പനീർ, സോയാബീൻ, ടോഫു എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓരോ ഭക്ഷണത്തിലെയും പ്രോട്ടീന്റെ അളവ് വ്യത്യസ്തമായതിനാൽ ആവശ്യമായ അളവിൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പക്ഷിപ്പനി കാലത്ത് ചിക്കനും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വാങ്ങുക: ഭക്ഷ്യസുരക്ഷയും ശുചിത്വവും പാലിക്കുന്ന കടകളിൽനിന്ന് മാത്രം ചിക്കനും മുട്ടയും വാങ്ങുക. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രാദേശിക നിയന്ത്രണങ്ങളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും പാലിക്കണം. ചിക്കൻ നന്നായി വേവിക്കുക: ഇറച്ചിയുടെ എല്ലാ ഭാഗങ്ങളും പൂർണമായി വെന്തിരിക്കണം. പിങ്ക് നിറം അവശേഷിക്കുന്നതോ പാതിവെന്തതോ ആയ ചിക്കൻ കഴിക്കരുത്. ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും 70 ഡിഗ്രി സെൽഷ്യസ് താപനില ഉറപ്പാക്കണമെന്നാണ് നിർദേശം. പച്ചമുട്ട ഒഴിവാക്കുക: പച്ചമുട്ട, പാതിവെന്ത മുട്ട, മഞ്ഞക്കരു ദ്രാവകരൂപത്തിൽ ശേഷിക്കുന്ന വിഭവങ്ങൾ എന്നിവ ഒഴിവാക്കണം. പൂർണമായി വേവിച്ച മുട്ട കഴിക്കുന്നതാണ് സുരക്ഷിതം. അടുക്കളയിൽ ശുചിത്വം പാലിക്കുക: പച്ച ചിക്കൻ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന കത്തിയും കട്ടിങ് ബോർഡും പാകം ചെയ്ത ഭക്ഷണത്തിനായി ഉപയോഗിക്കരുത്. പച്ച ഇറച്ചിയും പാകം ചെയ്ത ഭക്ഷണവും പ്രത്യേകം സൂക്ഷിക്കണം. ഇറച്ചി സ്പർശിച്ച പ്രതലങ്ങളും പാത്രങ്ങളും നന്നായി വൃത്തിയാക്കണം.കൈകൾ നന്നായി കഴുകുക: പച്ച ചിക്കനോ മുട്ടയോ കൈകാര്യം ചെയ്തശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. ഇറച്ചിയുമായി സമ്പർക്കത്തിൽ വന്ന പാത്രങ്ങളും പ്രതലങ്ങളും വൃത്തിയാക്കുകയും വേണം. ചിക്കനും മുട്ടയും ഒഴിവാക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കാൻ എന്ത് കഴിക്കാം? ചിക്കനും മുട്ടയും താൽക്കാലികമായി ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പയർവർഗങ്ങൾ, പാൽ, തൈര്, പനീർ, സോയ ചങ്ക്സ്, ടോഫു തുടങ്ങിയവ നല്ല ബദലുകളാണ്. ഇവയിൽനിന്ന് ലഭിക്കുന്ന പ്രോട്ടീന്റെ അളവ് വ്യത്യാസപ്പെടുന്നതിനാൽ ഭക്ഷണത്തിന്റെ അളവും മൊത്തത്തിലുള്ള പോഷകാവശ്യങ്ങളും പരിഗണിച്ച് ഭക്ഷണക്രമം തയ്യാറാക്കണം. പക്ഷിപ്പനി സ്ഥിരീകരിച്ചതുകൊണ്ട് മാത്രം എല്ലാവരും ചിക്കനും മുട്ടയും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കേണ്ടതില്ല. എന്നാൽ രോഗബാധിത പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ പാലിക്കുകയും പച്ച ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തുകയും നന്നായി വേവിച്ചശേഷം മാത്രം കഴിക്കുകയും വേണം. ശ്രദ്ധിക്കുക: ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ ആരോഗ്യബോധവൽക്കരണത്തിനുള്ളതാണ്. വ്യക്തിഗത ആരോഗ്യപ്രശ്നങ്ങൾക്കോ ഭക്ഷണക്രമം സംബന്ധിച്ച തീരുമാനങ്ങൾക്കോ ഇത് വിദഗ്ധോപദേശത്തിന് പകരമല്ല. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണക്രമം നിശ്ചയിക്കാൻ ഡോക്ടറുടെയോ യോഗ്യതയുള്ള പോഷകാഹാര വിദഗ്ധന്റെയോ നിർദേശം തേടുക.





