യുവരാജിന് സെഞ്ച്വറി; ‘ഒറിജിനൽ’ യുവരാജിന് പോലും സാധിച്ചില്ല, ഇങ്ങനെയൊന്ന് ലോകകപ്പ് ചരിത്രത്തിലാദ്യം!
2026 ടി – 20 ലോകകപ്പിൽ സെഞ്ച്വറിയടിച്ച് കാനഡയുടെ യുവരാജ് സമ്ര. ടൂർണമെന്റിൽ ഇന്ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലാൻഡിന് എതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം. മത്സരത്തിൽ കാനഡ ഓപ്പണർ 65 പന്തിൽ 110 റൺസാണ് എടുത്തത്.
ആറ് സിക്സുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു സമ്രയുടെ ഇന്നിങ്സ്. 169. 23 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്താണ് താരം മൂന്നക്കം കടന്നത്. അതോടെ ടി – 20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി.
യുവരാജ് സമ്ര. Photo: ICC/x.com
ഒപ്പം ടി- 20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ അസോസിയേറ്റ് താരമെന്ന നേട്ടവും സമ്ര തന്റെ പേരിനൊപ്പം ചേർത്തു. ഈ എഡിഷനിലെ രണ്ടാം സെഞ്ച്വറിയാണിത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്ക് എതിരെ മൂന്നക്കം കടന്ന് ശ്രീലങ്കൻ ഓപ്പൺ പാതും നിസങ്ക 2026 ലോകകപ്പിലെ ആദ്യ സെഞ്ചൂറിയനായിരുന്നു.
അതേസമയം, മത്സരത്തിൽ സമ്രയുടെ സെഞ്ച്വറി കരുത്തിൽ നാല് വിക്കറ്റിന് 173 റൺസെടുത്തു. താരത്തിനൊപ്പം ദിൽപ്രീത് ബജ്വ 39 പന്തിൽ 36 റൺസും സംഭാവന ചെയ്തു.
കിവീസിനായി ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ജെയിംസ് നീഷം, കെയ്ൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റുകൾ വീതമെടുത്തു.
നിലവിൽ കിവീസ് മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓവറുകൾ പിന്നിടുമ്പോൾ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തിട്ടുണ്ട്. ഒരു പന്തിൽ ഒരു റൺസെടുത്ത ഗ്ലെൻ ഫിലിപ്സും മൂന്ന് പന്തിൽ റണ്ണൊന്നുമെടുക്കാതെ രചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്.





