സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂർ ദീർഘിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ ദീർഘിപ്പിച്ചു. രാവിലെ 10 മണി മുതൽ രാത്രി 12 വരെ ഇനിമുതൽ എല്ലാ ബാറുകൾക്കും പ്രവർത്തിക്കാം. നേരത്തെ രാവിലെ 11 മുതൽ രാത്രി 11 വരെ ആയിരുന്നു പ്രവത്തന സമയം. നിലവിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബാറുകൾക്കായിരുന്നു പുതിയ സമയത്തിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്.ബാറുടമകളുടെ ദീർഘകാലമായിട്ടുള്ള ആവശ്യത്തിനാണ് സർക്കാർ അനുകൂല തീരുമാനം എടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നും വരുമാനം കുറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയത്തിൽ രണ്ടുമണിക്കൂർ നീട്ടണമെന്ന് ബാറുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരി 31ലെ കണക്കനുസരിച്ച് 289 ബെവ്‌കോ ഔട്ലെറ്റുകൾക്ക് പുറമെ 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.





