നിതിൻ രാജിൻ്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേർ പിടിയിൽ. ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവൽ(28), പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിൽ എത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിൻ രാജിന്റെ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.
വലിയൊരു ഐടി പാർക്കിന് സമാനമായ രീതിയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ലോണിന്റെ തിരിച്ചടവ് പരിശോധിക്കാനും വിളിക്കാനുമായി നിരവധി ജീവനക്കാരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഒരേ സമയം 35 ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഇവർക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പല നമ്പറുകളിൽ നിന്നായി മാറി-മാറി വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. 36 ശതമാനത്തിലേറെ പലിശക്കാണ് ഈ ലോൺ കമ്പനി വായ്‌പ നൽകിയിരുന്നത്.
നിതിൻ ലോൺ ആപ്പിൽ നിന്ന് പണം എടുത്തിരുന്നു. പണം എടുക്കുമ്പോൾ റഫറൻസ് നമ്പറായി നൽകിയിരുന്നത് അധ്യാപികയുടെ ഫോൺ നമ്പറായിരുന്നു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ലോൺ ആപ്പുകാർ അധ്യാപികയെ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത് പ്രയാസപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കോളജ് പ്രിൻസിപ്പലിന് അധ്യാപിക പരാതി നൽകി. പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.
നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോൺ ആപിൽ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന് കോളജിലെ അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജിലെ അധ്യാപകരായിരുന്ന ഡോ. എൻ.റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയും അന്വേഷിക്കുന്നുണ്ട്.





