മദ്യം നൽകിയില്ല; നാഗ്പൂരിലെ ബാറിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, 18 കുപ്പികൾ തകർത്തു, മാനേജർക്ക് ക്രൂരമർദനം
നാഗ്പൂര്‍: മദ്യം നൽകാത്തതിനെ തുടര്‍ന്ന് ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരുകൂട്ടം യുവാക്കൾ. നാഗ്പൂരിലെ മനേവാദ ചൗക്കിലെ എസ്‌കെ ബാറിൽ വ്യാഴാഴ്ച രാത്രി അര്‍ധരാത്രിയോടെയാണ് സംഭവം.മദ്യം നിഷേധിച്ചതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ മാനേജരെ ആക്രമിക്കുകയും ബാർ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ബാര്‍ അടയ്ക്കുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സമയത്താണ് ഒരു കൂട്ടം യുവാക്കൾ ബാറിലെത്തിയത്. ബാര്‍ അടയ്ക്കുന്ന സമയമായതിനാൽ മദ്യം വിളമ്പാനാവില്ലെന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ഇതോടെ കയ്യാങ്കളിയാവുകയും പ്രതികൾ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ഒരു യുവാവ് ഭാരമേറിയ മദ്യക്കുപ്പികൾ മാനേജർക്ക് നേരെ എറിയുന്നതും നേരിട്ട് പരിക്കേൽപ്പിക്കുന്നതും കാണാം. മറ്റൊരു യുവാവ് ജീവനക്കാരെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുമുണ്ട്. ബാറിലുണ്ടായിരുന്ന 18ഓളം മദ്യക്കുപ്പികൾ അടിച്ചുതകര്‍ത്തു. ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും തകർത്തു.അക്രമം തടയാൻ ശ്രമിച്ച ബാർ മാനേജർക്ക് നേരെയും കുപ്പികൾ എറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ നിലയിൽ മാനേജർ രക്തത്തിൽ കുളിച്ച് ബാർ കൗണ്ടറിന് സമീപം നിൽക്കാൻ ശ്രമിക്കുന്നത് കാണാം. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ സാധനങ്ങൾ തല്ലിത്തകർക്കുന്നതും ജീവനക്കാരെ ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.





