ട്രെയിനിൽ ദൃശ്യമാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ട്രെയിനിൽ ദൃശ്യമാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Published 18 04 2026 ശനി
ഷൊർണൂർ: തീവണ്ടിയിൽ സഹയാത്രികയായ ദൃശ്യമാധ്യമ പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂർ കാവ് നഗറിൽ എസ്.ബി.ഐ.ഒ കോളനിയിൽ താമസിക്കുന്ന ബാലകൃഷ്ണൻ (68) ആണ് പിടിയിലായത്.
ഇന്ന് രാവിലെ തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് തീവണ്ടിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ യുവതി നൽകിയ പരാതിപ്രകാരം തനിക്കു സമീപ സീറ്റിലിരുന്ന ബാലകൃഷ്ണൻ കുറ്റിപ്പുറം പള്ളിപ്പുറം ഇടയ്ക്കാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പറയുന്നു.
സംഭവത്തെ തുടർന്ന് യുവതി തീവണ്ടിയിൽ നിന്നുതന്നെ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് തീവണ്ടി ഷൊർണൂരിലെത്തിയപ്പോൾ എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ബാലകൃഷ്ണനെ റിമാൻഡ് ചെയ്തു.





