ഇരുമ്പായാൽ തുരുമ്പെടുക്കും’, എന്നാൽ റെയിൽവേ ട്രാക്കുകൾ തുരുമ്പിക്കാറില്ല; എന്തുകൊണ്ട്?
‘
നമ്മളിൽ പലരും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കാറുണ്ട്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ആ ഇരുമ്പ് പാളങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മഴ നനഞ്ഞും വെയിലേറ്റും വർഷങ്ങളോളം പുറത്തുതന്നെ കിടന്നിട്ടും മിക്കപ്പോഴും അവ കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്നുണ്ടാകും. ‘ഇരുമ്പായാൽ തുരുമ്പെടുക്കും’ എന്ന സാമാന്യ നിയമം ഇവിടെ മാത്രം എന്താണ് ലംഘിക്കപ്പെടുന്നത്? അതൊരു മാന്ത്രിക വിദ്യയൊന്നുമല്ല, അതിനു പിന്നിൽ കൃത്യമായ ശാസ്ത്രവും കഠിനാധ്വാനവുമുണ്ട്. ഈ തിളക്കത്തിന് പിന്നിലെ ‘കൂട്ട്’സാധാരണ ഇരുമ്പ് ഉപയോഗിച്ചല്ല റെയിൽവേ പാളങ്ങൾ നിർമിക്കുന്നത്. ഇതിനായി മാംഗനീസ് സ്റ്റീൽ (Hadfield Steel) എന്ന പ്രത്യേകതരം ലോഹസങ്കരമാണ് ഉപയോഗിക്കുന്നത്. ഏകദേശം 12% മാംഗനീസും 0.8% കാർബണും ചേർന്ന ഈ മിശ്രിതം ഓക്സീകരണത്തെ (Oxidation) പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ വായുവിലെ ഓക്സിജനുമായി ചേർന്ന് പെട്ടെന്ന് തുരുമ്പെടുക്കാൻ ഇത് സമ്മതിക്കില്ല. എന്നും പ്രഷർ, എപ്പോഴും പോളിഷിങ്!ട്രാക്കുകളുടെ മുകൾഭാഗം എപ്പോഴും തിളങ്ങാൻ പ്രധാന കാരണം ട്രെയിനുകളുടെ ഓട്ടം തന്നെയാണ്. ടൺ കണക്കിന് ഭാരമുള്ള ട്രെയിനുകൾ നിരന്തരം പാളത്തിലൂടെ ഓടുമ്പോൾ, ചക്രങ്ങളും പാളവും തമ്മിലുള്ള ഘർഷണം കാരണം മുകൾഭാഗം താനേ പോളിഷ് ചെയ്യപ്പെടുന്നു. അതായത്, ഒരു വലിയ സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കുന്നത് പോലെ ഓരോ ട്രെയിനും പാളത്തെ മിനുക്കി മാറ്റുന്നു. എന്നാൽ അധികം ട്രെയിനുകൾ ഓടാത്ത പാളങ്ങളിലോ ഉപയോഗശൂന്യമായി കിടക്കുന്ന ട്രാക്കുകളിലോ നോക്കിയാൽ അവ ബ്രൗൺ നിറത്തിൽ തുരുമ്പ് പിടിച്ചിരിക്കുന്നത് കാണാം. ‘റെയിൽ ഗ്രൈൻഡർ’ ട്രെയിൻ ഓട്ടം കൊണ്ട് മാത്രം പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. പാളത്തിലെ ചെറിയ തകരാറുകളും തുരുമ്പും മാറ്റാൻ റെയിൽവേ ‘റെയിൽ ഗ്രൈൻഡർ’ എന്ന പ്രത്യേക ട്രെയിനുകൾ ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഈ ഭീമൻ ട്രെയിനുകൾ പാളത്തിലൂടെ ഓടുമ്പോൾ വലിയ ശബ്ദവും തീപ്പൊരികളും ചിതറിത്തെറിക്കുന്നത് കാണാം. ലോകമെമ്പാടുമുള്ള റെയിൽവേകൾ പാളങ്ങളുടെ ആയുസ് കൂട്ടാൻ ഈ ‘മെഷീൻ പോളിഷിങ്’ ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, കരുത്തുറ്റ ലോഹക്കൂട്ടും നിരന്തരമായ ട്രെയിൻ ഓട്ടവും റെയിൽവേ ജീവനക്കാരുടെ കൃത്യമായ പരിശോധനയുമാണ് നമ്മുടെ പാളങ്ങളെ തുരുമ്പെടുക്കാതെ കാക്കുന്നത്. അടുത്ത തവണ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ആ തിളങ്ങുന്ന പാളങ്ങളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കിക്കോളൂ, അത് വെറുതെ തിളങ്ങുന്നതല്ല!





