കേരളത്തിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും, ഏപ്രിൽ 27 മുതൽ 29 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഇടിമിന്നൽ എന്നതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ: വീടിനുള്ളിൽ സുരക്ഷിതരായിരിക്കുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. വൈദ്യുതോപകരണങ്ങൾ: മിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല). പുറത്തിറങ്ങുന്നത് ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. ടെറസിലോ മുറ്റത്തോ തുണി എടുക്കാൻ പോകുന്നത് ഒഴിവാക്കുക. വാഹനങ്ങൾ: യാത്രയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കണം. മീൻപിടുത്തം, ബോട്ടിങ് എന്നിവ ഉടൻ നിർത്തിവെച്ച് കരയിലേക്ക് മാറണം. മൃഗങ്ങളുടെ സുരക്ഷ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കണ്ടു തുടങ്ങുമ്പോൾ തന്നെ അവയെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. തുറസായ സ്ഥലത്താണെങ്കിൽ എന്തുചെയ്യണം? അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, പാദങ്ങൾ ചേർത്തുവെച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക. പ്രഥമ ശുശ്രൂഷ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ നിർണായകമാണ്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക.





