ഡൽഹിയിൽ വീണ്ടും ഓടുന്ന ബസിൽ കൂട്ടബലാത്സംഗം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും ഓടുന്ന ബസിൽ കൂട്ടബലാത്സംഗം. സ്വകാര്യ സ്ലീപ്പർ ബസിലാണ് 30കാരി ക്രൂരപീഡനത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ, വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീയെയാണ് ബസ് ഡ്രൈവറും കണ്ടക്ടറും ബസിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗോൾപുരിക്ക് സമീപമാണ് സംഭവം. നാംഗ്ലോയ് മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ട ബസിലേക്ക് സ്ത്രീയെ വലിച്ചുകയറ്റി ബസ് ഓടിച്ചുപോകുകയായിരുന്നുവെന്നും പ്രതികളെ പിടികൂടി, ബസ് പിടിച്ചെടുത്തെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണർ വിക്രം സിങ് അറിയിച്ചു. ബസ് രണ്ട് മണിക്കൂറോളം ഓടി ഏഴ് കിലോമീറ്ററോളമാണ് ചുറ്റിക്കറങ്ങിയത്. 2012ൽ നഗരത്തെ നടുക്കുകയും രോഷംകൊള്ളിക്കുകയും ചെയ്ത നിർഭയ കൂട്ടബലാത്സംഗത്തെ ഓർമിപ്പിക്കുന്നതാണ് സംഭവം. ഭാരതീയ ന്യായ സംഹിത 64 (1), 70 (1), 3 (5) വകുപ്പുകൾക്ക് കീഴിൽ മേയ് 12നാണ് സ്ത്രീയുടെ പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കേസ് വിശദമായി അന്വേഷിക്കുമെന്നും തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. നിർഭയ കേസിൽനിന്ന് നമ്മൾ ഒന്നും പഠിച്ചില്ലെന്നും ഈ സംഭവം സമൂഹത്തിനാകെ കളങ്കമാണെന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു. ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജും സംഭവത്തെ അപലപിച്ചു.





