പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമാകുന്നു; ഇറാനിൽ രണ്ടാം ദിവസവും ആക്രമണം തുടർന്ന് അമേരിക്ക
തെഹ്റാൻ: ഇറാനിൽ രണ്ടാം ദിവസവും ആക്രമണം തുടർന്ന് അമേരിക്ക. യുദ്ധം നിർത്താൻ ഇറാൻ തന്നോട് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അവകാശവാദം നിഷേധിച്ച ഇറാൻ യുഎസ് ആക്രമണത്തെ ശക്തമായി ചെറുക്കുമെന്ന് അറിയിച്ചു. കരാർ ഒപ്പ് വെക്കാൻ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് താക്കീത് നൽകിയിരുന്നു. നിരാശയിൽ നിന്നുണ്ടായ ട്രംപിന്റെ പ്രതികരണം വില വെക്കുന്നില്ലെന്നും ഭീഷണിക്കും സമ്മർദങ്ങൾക്കും മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാൻ പറഞ്ഞു.ഇന്നലെ നടത്തിയ ആക്രമണത്തിൽ ജല സംഭരണ കേന്ദ്രം തകർത്ത യു എസ് നടപടി കൊടിയ യുദ്ധകുറ്റമാണെന്നും ഇറാൻ കുറ്റപ്പെടുത്തി. മേഖലയിൽ യുഎസ് നടത്തുന്ന ആക്രമണ പദ്ധതിക്കെതിരെ ചൈനയും റഷ്യയും രംഗത്തെത്തി. അതേസമയം ഒമാൻ സമുദ്രത്തിൽ ഒരു എണ്ണ കപ്പൽ ആക്രമിച്ച് പ്രവർത്തനം നിർത്തിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിന് നേര്‍ക്കും തിരിച്ചടിച്ചതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിൽ യു എസ് ആർമിയുടെ 18 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ സേന പറയുന്നു. യുഎസ് പടക്കപ്പലുകൾക്ക് നേരെയും ആക്രമിച്ചതായി ഇറാൻ വ്യക്തമാക്കുന്നു.





