നിറം കണ്ട് വാങ്ങല്ലേ? മധുരമുള്ള ആപ്പിൾ എങ്ങനെ തെരഞ്ഞെടുക്കാം, ഇതാ ചില ടിപ്സുകൾ
മാർക്കറ്റിൽ നിന്ന് ആപ്പിൾ വാങ്ങുമ്പോൾ കടും ചുവപ്പും ഫ്രഷും ആയി തോന്നുന്നവയാണ് നമ്മൾ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ വീട്ടിൽ കൊണ്ടുവന്ന് മുറിച്ചു കഴിക്കുമ്പോഴാണ് ഒട്ടും മധുരമില്ല എന്ന കാര്യം മനസിലാക്കുന്നത്. ഭംഗിയുള്ള ആപ്പിൾ എന്നാൽ മധുരമുള്ള ആപ്പിൾ എന്നല്ല. അടുത്ത തവണ ആപ്പിൾ വാങ്ങുമ്പോൾ അമളി പറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. തിളക്കമുള്ള ചുവന്ന ആപ്പിൾ കാണാൻ മധുരമുള്ളതായി തോന്നാമെങ്കിലും ഗുണമുണ്ടാകില്ല അതിനാൽ, ആപ്പിൾ കാണാൻ ചുവന്നതാണെന്ന കാരണത്താൽ മാത്രം തെരഞ്ഞെടുക്കാതെ, അത് നന്നായി പരിശോധിച്ചുറപ്പിച്ചു വാങ്ങുക.ആപ്പിൾ നിങ്ങളുടെ കയ്യിൽ പിടിച്ച് സാവധാനം അമർത്തി നോക്കുക. അത് നന്നായി ഉറച്ചതായിരിക്കണം. ഒട്ടും മൃദുവായിരിക്കരുത്. കാരണം, വളരെ മൃദുവായ ആപ്പിളുകൾ പഴകിയതോ അമിതമായി പഴുത്തതോ ആകാൻ സാധ്യതയുണ്ട്.ആപ്പിൾ മണത്തുനോക്കുക. പഴുത്ത ആപ്പിളിന് സാധാരണയായി നേരിയ മധുരമുള്ള മണം ഉണ്ടാകും, അതേസമയം മണമില്ലാത്ത ആപ്പിൾ പൂർണമായും പഴുത്തതായിരിക്കണമെന്നില്ല.മിനുസമാർന്നതും പുതുമയുള്ളതുമായ തൊലിയുള്ള ആപ്പിളുകൾ തെരഞ്ഞെടുക്കുക. ചതവുകൾ, കറുത്ത പാടുകൾ അല്ലെങ്കിൽ ചുളിവുകൾ വീണവ ഒഴിവാക്കുക. കാരണം ഇവയ്ക്ക് രുചിയും ഗുണവുമുണ്ടാകില്ല.ഒരേ വലിപ്പത്തിലുള്ള കുറച്ച് ആപ്പിളുകൾ എടുത്ത് അവയുടെ ഭാരം താരതമ്യം ചെയ്യുക. അൽപ ഭാരം കൂടുതലായി തോന്നുന്നത് കൂടുതൽ നീര് ഉള്ളതായിരിക്കും. ഈ ആപ്പിൾ ധൈര്യമായി വാങ്ങാവുന്നതാണ്.





