കുഞ്ഞിനെ ഷീറ്റിൽ പൊതിഞ്ഞ് കൈമാറി, മക്കളെ ഗോവണി വഴി രക്ഷിച്ചു; ഒടുവിൽ തീജ്വാലകൾക്ക് കീഴടങ്ങി അമ്മ!, നടുക്കുന്ന വിഡിയോ പുറത്ത്
പ്രയാഗ്‌രാജ്: ജീവന്‍റെ ജീവനായ മൂന്ന് മക്കളെ കത്തുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി സ്വന്തം ജീവന്‍ ഹോമിച്ച് ഒരമ്മ. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ കത്തുന്ന കെട്ടിടത്തിൽ നിന്നും സ്വന്തം ജീവൻ അവഗണിച്ച് മൂന്ന് കുട്ടികളെയും അനന്തരവനെയും രക്ഷപെടുത്തിയ യുവതിയാണ് ദാരുണമായി മരിച്ചത്. പ്രയാഗ്‌രാജ് സ്വദേശിയായ അർച്ചന എന്ന സ്ത്രീയാണ് കുട്ടികളുടെ ജീവൻ രക്ഷിച്ച ശേഷം ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. അര്‍ച്ചന കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന്‍റെ നടുക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേയ് 12-ന് രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കുടുംബാംഗങ്ങൾ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പാത്രക്കടയിലും വെയർഹൗസിലുമാണ് ആദ്യം തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെ മുകളിലത്തെ നിലകളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെ രക്ഷപ്പെടൽ വഴികൾ പൂർണ്ണമായും അടഞ്ഞു. തുടർന്ന് എല്ലാവരും കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് ഓടിക്കയറുകയായിരുന്നു.കനത്ത പുകയും ആളിപ്പടരുന്ന തീയും വകവെക്കാതെ, അർച്ചന മക്കളെയും ബന്ധുക്കളെയും രക്ഷിക്കാനായി ഏകദേശം 30 മിനിറ്റോളം ശ്രമിച്ചുകൊണ്ടേയിരുന്നു. അവർ ആദ്യം തന്റെ ഒരു വയസ്സുള്ള കുഞ്ഞിനെ ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അടുത്തുള്ള മേൽക്കൂരയിൽ നിന്ന അയൽക്കാർക്ക് കൈമാറി. കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തുടർന്ന് മേൽക്കൂരകൾക്കിടയിൽ അവർ ഒരു ഗോവണി വെക്കുകയും 13ഉം 10 വയസുള്ള തന്‍റെ പെണ്‍മക്കളെയും സഹോദരപുത്രനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. എന്നാൽ മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ അർച്ചന കെട്ടിടത്തിനുള്ളിലെ കടുത്ത തീയിലും പുകയിലും കുടുങ്ങിപ്പോകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അർച്ചനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.അർച്ചനയുടെ 13 വയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടി ഇപ്പോൾ ചികിത്സയിലാണ്. രക്ഷപെടാൻ മേൽക്കൂരയിൽ നിന്ന് ചാടുന്നതിനിടയിൽ അർച്ചനയുടെ സഹോദരഭാര്യയുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.ഇടുങ്ങിയ വഴികൾ കാരണം ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കിയെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് പന്ത്രണ്ടോളം ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീജ്വാലകൾക്കിടയിൽ അമ്മ തന്റെ മക്കളെ രക്ഷിക്കുന്നതിന്റെ വിഡിയോ പുറത്തതോടെ നിരവധി പേരാണ് അര്‍ച്ചനയുടെ ധൈര്യത്തെയും ത്യാഗത്തെയും പ്രശംസിച്ച് എത്തിയത്.





