തല്ലാനെത്തിയ ഡല്‍ഹി പൊലീസിനെ ദേശീയ ഗാനം ചൊല്ലി ഉലക്ക പോലെ നിര്‍ത്തിയവര്‍’ വൈറലായി വിദ്യാര്‍ഥികളുടെ പ്രതിരോധ മുറ

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചുള്ള ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് ദിനംപ്രതി ജനപിന്തുണ ഏറുകയാണ്. നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളെ ഡല്‍ഹിയിലെ തെരുവോരങ്ങളിലിട്ട് തല്ലിച്ചതച്ചതിന് പിന്നാലെ നിരവധി ആളുകളാണ് സമരവേദിയിലേക്ക് ഒഴുകി എത്തിയത്. തുടര്‍ന്ന് ഡല്‍ഹി പൊലീസിനെയും സേനയെയും സമാധാനപരമായി പ്രതിരോധിക്കുന്ന വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റോസ് പൂക്കള്‍ നല്‍കുന്ന, ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന, തളര്‍ന്ന് വീണ ഉദ്യോഗസ്ഥരെ ശുശ്രൂഷിക്കുന്ന വിദ്യാര്‍ഥികളെ രാജ്യം കണ്ടു. ഇതിനിടെയാണ് ദേശീയ ഗാനം ആലപിച്ച് പൊലീസുകാരെ ഉലക്ക പോലെ നിര്‍ത്തിയ വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിരോധ മുറയും വൈറലായിരിക്കുന്നത്. മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാനാകും. ജനഗണമന പാടി 52 സെക്കന്റാണ് പൊലീസുകാരെ വിദ്യാര്‍ഥികള്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. ’52 സെക്കന്റെങ്കിലും ഞങ്ങള്‍ക്ക് ശ്വാസമെടുക്കാമല്ലോ’ എന്ന വാചകത്തോട് കൂടി ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടു. പുതിയ കാലത്തെ പുതിയ പ്രശ്‌നങ്ങള്‍ക്ക് പുതിയ രീതിയിലുള്ള പരിഹാരങ്ങള്‍ വേണം, ഡല്‍ഹിയിലെ സമരം രാജ്യത്തിനെതിരല്ല…. സംവിധാനങ്ങള്‍ക്ക് എതിരെയാണ്, പുതിയ തലമുറയെ തെറ്റിദ്ധരിക്കരുത് തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.ഇതിനുപുറമെ സമരവേദിയിലേക്ക് ഭക്ഷണ പൊതികളെത്തിക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരുടെയും ജന്തര്‍ മന്തറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നായ്ക്കള്‍ അടക്കമുള്ള മൃഗങ്ങളുടെ ഭക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെയും വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button