വളാഞ്ചേരിയിൽ ബസ് കയറിയിറങ്ങി ബസ് ജീവനക്കാരന് ദാരുണാന്ത്യം
മലപ്പുറം: വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ ബസ് കയറിയിറങ്ങി ബസ് ജീവനക്കാരന് ദാരുണാന്ത്യം. പൂക്കാട്ടിരി സ്വദേശി കുറുമ്പൻതൊടി അലവിയാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ച് ‘കാളിയത്ത്’ എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിൻ്റെ കാലിലൂടെ കയറിയിറങ്ങി.
അപകടം നടന്ന ഉടൻ തന്നെ അലവിയെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.





