ആധികാരിക ജയവുമായി ചെന്നൈ; മുംബൈ ഇന്ത്യൻസിനെ 103 റൺസിന് തകർത്തു വിട്ടു , സഞ്ജുവിന് തകർപ്പൻ സെഞ്ച്വറി
മുംബൈ: ഐപിഎൽ ‘എൽ ക്ലാസികോ’ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. മുംബൈ ഇന്ത്യൻസിനെ തകർത്തത് 103 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് സ്കോർ ചെയ്തത്. 54 പന്തിൽ നിന്ന് 10 ഫോറും ആറ് സിക്സും പറത്തി 101 റൺസ് നേടിയ സഞ്ജു സാംസന്റെ സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിലാണ് ചെന്നൈ മികച്ച ടോട്ടലിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് 104 റൺസിൽ ഓൾ ഔട്ടായി. വിൻഡീസ് സ്പിന്നർ അകേൽ ഹുസെയ്ൻ നാല് വിക്കറ്റുമായി തിളങ്ങി.208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. ആദ്യ രണ്ട് ഓവറുകളിൽ തന്നെ ഓപ്പണർമാരായ ഡാനിഷ് മലെവാറിനേയും ഡികോക്കിനെയും നഷ്ടമായി. മുകേഷ് ചൗധരിയും അകേൽ ഹുസെയ്നുമാണ് വിക്കറ്റുകൾ നേടിയത്. പവർ പ്ലെയിൽ നമൻ ദിറിനെയും ഹുസെയ്ൻ മടക്കിയയച്ചു. 23 റൺസ് മാത്രമാണ് മുംബൈക്ക് പവർ പ്ലെയിൽ സ്കോർ ചെയ്യാൻ സാധിച്ചുള്ളു. പിന്നാലെ തിലക് വർമ – സൂര്യകുമാർ സഖ്യം 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 12ാം ഓവറിൽ തിലകിനെ പുറത്താക്കി ഹൊസെയ്ൻ ചെന്നൈക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നാലെ 13ാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി നൂർ അഹ്മദും കളി തിരിച്ചതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലായി മുംബൈ. വൈകാതെ 19ാം ഓവറിൽ 104 റൺസിന് മുംബൈ ഇന്ത്യൻസ് ഓൾ ഔട്ടായി.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് പവർ പ്ലെയിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗയിക്വാദിനെയും സർഫറാസ് ഖാനെയും നഷ്ടമായി. എന്നാൽ സഞ്ജു സാംസൺ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ചെന്നൈ മികച്ച ടോട്ടലിലെത്തിയത്. ഡിവാൾഡ് ബ്രെവിസും ജെയ്മി ഓവർട്ടനും കാർത്തിക് ശർമയും സഞ്ജുവിന് സപ്പോർട്ട് നൽകി. 20 ഓവർ അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസായിരുന്നു ചെന്നൈ സ്കോർ ബോർഡിലുണ്ടായിരുന്നത്.





