ജോലിയിൽനിന്ന് പിരിച്ചുവിട്ടു, പക വീട്ടാൻ മകളെ ബലാത്സംഗം ചെയ്ത് കൊന്നു’ – ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതി മറ്റൊരു യുവതിയെയും പീഡിപ്പിച്ചു
‘
ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ 19കാരൻ രാഹുൽ മീണയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. രാജസ്ഥാനിലെ ആൽവാറിൽ പരിചയക്കാരന്റെ ഭാര്യയെ പീഡിപ്പിച്ച ശേഷമാണ് പ്രതി ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തിയത്. തുടർന്ന് ഇയാൾ മുമ്പ് ജോലി ചെയ്ത ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ എത്തുകയായിരുന്നു. എട്ട് മാസത്തോളം ജോലി ചെയ്ത രാഹുലിനെ പെരുമാറ്റദൂഷ്യം കാരണം ഒന്നര മാസം മുമ്പാണ് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ പിരിച്ചുവിട്ടത്. ഓൺലൈൻ ഗെയിമിന് അടിമയാണ് പ്രതി. ഉദ്യോഗസ്ഥനും ഭാര്യയും ജിമ്മിൽ പോകുന്നത് അറിയുന്ന പ്രതി ആ സമയം നോക്കി വീട്ടിലെത്തി, സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്ന 22കാരിയെ ടെറസിലെ പഠനമുറിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ചാർജർ കേബ്ൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും തലക്കടിച്ചും ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം. യുവതിയുടെ വിരലടയാളം ഉപയോഗിച്ച് വീട്ടിലെ ലോക്കർ തുറക്കാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്ത് പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ മാറി ഓട്ടോറിക്ഷയിൽ ഡൽഹി ദ്വാരകയിലെ ഹോട്ടലിലേക്ക് രക്ഷപ്പെട്ട പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.





