മണിയൂര്‍ പോക്സോ കേസ്; റഫീഖ് ഒന്നാം പ്രതി, രണ്ടാം പ്രതി പെണ്‍കുട്ടിയുടെ മാതാവ് കുറ്റപത്രം നാളെ സമര്‍പ്പിക്കും
കൊയിലാണ്ടി: മണിയൂര്‍ പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് നാളെ കുറ്റപത്രം സമര്‍പ്പിക്കും. ചങ്ങരോത്ത് സ്വദേശി അബ്ദുല്‍ റഫീഖാണ് ഒന്നാം പ്രതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയാണ് കേസില്‍ രണ്ടാം പ്രതി.
അന്വേഷണം ഏറ്റെടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജാമ്യം കിട്ടി റഫീഖ് പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
12 വയസുകാരിയെ മാതാവിന്റെ സഹായത്തോടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒന്നര വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24-ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും, പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29-ന് ഇയാള്‍ നാട്ടിലെത്തി. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധമുയരുകയായിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 24നാണ് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റഫീഖിന്റെ ജാമ്യം റദ്ദ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇതിനിടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തെങ്കിലും പിന്നീട് സ്റ്റേ നീക്കി. ഇതിന് പിന്നാലെയാണ് കുടുംബവുമൊത്ത് സഞ്ചരിക്കവെ ചെങ്ങോട്ടുകാവില്‍വെച്ച് പ്രതി റഫീഖ് പൊലീസ് പിടിയിലായത്.






