ചേരുവ എന്താണെന്നില്ല, നിർമാതാവ് ആരെന്നില്ല, വിൽപന തടയാൻ നിയമവുമില്ല; സൗന്ദര്യവർധക ഉൽപന്നങ്ങൾ ഓൺലൈനിൽ വാങ്ങുന്നവർ സൂക്ഷിക്കുക!
കോഴിക്കോട്: നിയമത്തിലെ വിവിധ പഴുതുകൾ മുതലെടുത്താണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സൗന്ദര്യവർധക വസ്തുക്കളുടെ വിൽപന വ്യാപകമായി നടക്കുന്നത്. ഇവ വിൽക്കാൻ പ്രത്യേക ലൈസൻസിന്റെ ആവശ്യമില്ലാത്തതും പരിശോധനകളിലെ പരിമിതികളും കാരണം മനുഷ്യശരീരത്തിന് ഹാനികരമായ ഉൽപന്നങ്ങൾ പോലും ഓൺലൈൻ വഴി സുഗമമായി വിറ്റഴിക്കപ്പെടുന്നുണ്ട്. പരമ്പരാഗത കടകളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നതിനാലാണ് ഇത്തരം വസ്തുക്കൾ ഓൺലൈൻ വിപണിയിലേക്ക് കൂടുതലായി മാറുന്നത്.1940-കളിൽ നിലവിൽ വന്ന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇവയുടെ വിൽപന നിയന്ത്രിക്കാൻ പ്രത്യേക ചട്ടങ്ങളില്ല. ഇതാണ് ഓൺലൈൻ വിൽപനക്കാർക്ക് വലിയ സാധ്യതയായി മാറുന്നത്. സൗന്ദര്യവർധക വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതുണ്ട്. ഓരോ ബാച്ച് ഉൽപന്നങ്ങളും വിപണിയിൽ ഇറക്കുമ്പോൾ ഡ്രഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തണമെന്നും നിയമമുണ്ട്. എന്നാൽ ഇവ വിപണിയിൽ എത്തിക്കാൻ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. അതേസമയം ലൈസൻസില്ലാത്ത ഉൽപന്നങ്ങൾ കടകളിൽ വിറ്റാൽ ആ കടയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതിനാൽ ഭൂരിഭാഗം കടകളിലും അമിത രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കാറില്ല.എന്നാൽ ഓൺലൈൻ രംഗത്ത് വിൽപന എളുപ്പത്തിൽ നടത്താൻ കഴിയും. ഓൺലൈൻ വിപണിയിൽ സജീവമായ പല ഉൽപന്നങ്ങളും വിദേശ കമ്പനികളുടെ പേരിലുള്ളവയാണ്. ഇവ പരിശോധനയ്ക്കായി ശേഖരിക്കുമ്പോൾ നിർമാതാവ് ആരാണെന്നോ എവിടെയാണ് നിർമിച്ചതെന്നോ വ്യക്തമാകുന്നില്ല. പല പാക്കറ്റുകളിലും ചേരുവകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും രേഖപ്പെടുത്താറില്ല. അതിനാൽ ഉൽപന്നങ്ങൾ എവിടെ നിന്നാണ് ലഭ്യമാകുന്നത് എന്നതിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അംഗീകൃത റീസെല്ലർമാരിൽ നിന്ന് മാത്രം ഉൽപന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. ഓൺലൈനിൽ വിൽക്കപ്പെടുന്ന പല സൗന്ദര്യവർധക വസ്തുക്കളും ആരാണ്, എവിടെയാണ് ഉൽപാദിപ്പിച്ചതെന്ന് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മനുഷ്യശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഉൽപന്നങ്ങൾ ഓൺലൈൻ വഴി വ്യാപകമായി വിൽക്കുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയ്ക്ക് കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവന്നാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ.





