KeralaSpot light

ഒന്നുകിൽ മമ്മൂട്ടിക്ക്​ കൈരളിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം’; മമ്മൂട്ടിയെ കൊണ്ട് നോ പറയിച്ച വി.എസ്

കൊല്ലം: വി.എസ്​ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്​ നടൻ മമ്മൂട്ടിക്ക്​ കൊക്കകോള കമ്പനിയിൽനിന്ന്​ മികച്ച ഓഫർ വന്നത്​. അവരുടെ ബ്രാൻഡ്​ അംബാസഡറാകാനായിരുന്നു ഓഫർ. അദ്ദേഹം അത്​ സ്വീകരിക്കുകയും കമ്പനി പ്രഖ്യാപനം നടത്തുകയും ചെയ്തു. അതിന്‍റെ വാർത്ത പത്രങ്ങളിൽ വന്ന അന്ന്​ കോട്ടയം ഗെസ്റ്റ്​ ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട വി.എസിനോട്​ ഒരു ലേഖകന്‍റെ ചോദ്യം ഇതായിരുന്നു- ‘കൈരളി ചാനലിന്‍റെ ചെയർമാനായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ്​ അംബാസഡറാകുന്നതിനെപ്പറ്റി താങ്കളുടെ അഭി​​പ്രായം എന്താണ്’. അപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ മറുപടി വന്നു. ‘രണ്ടും കൂടി പറ്റില്ല, ഒന്നുകിൽ മമ്മൂട്ടിക്ക്​ കൈരളിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം’. പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ നടന്ന ഐതിഹാസിക സമരത്തിനൊപ്പം എന്നും നിലകൊണ്ട വി.എസിന്​ അതല്ലാ​തെ ഒരു മറുപടി സാധ്യമല്ലായിരുന്നു. എന്തായാലും അടുത്ത ദിവസം തന്നെ കോളയുടെ ബ്രാൻഡ്​ അംബാസഡർ സ്ഥാനത്തേക്ക്​ ഇല്ലെന്ന്​ പറഞ്ഞ്​ മമ്മൂട്ടിയുടെ വിശദീകരണം വന്നു. ​മമ്മൂട്ടിയുടെ ആ തീരു​മാനം വി.എസിനോട്​ അദ്ദേഹത്തിനുള്ള ആദരവിന്‍റെ പ്രതിഫലനം കൂടിയായി. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമിതി നേതൃത്വത്തിൽ നടന്ന സമരം വലിയ ജനകീയ പ്രക്ഷോഭമായി മാറിയതിൽ പ്രതിപക്ഷനേതാവായിരുന്ന വി.എസ്​. അച്യുതാനന്ദന്‍റെ ഇടപെടൽ വലിയ പങ്കാണ്​ വഹിച്ചത്​. 2004ലാണ് മമ്മൂട്ടിക്ക് കൊക്കകോളയുടെ ബ്രാൻഡ് അംബാസഡർ എന്ന ഓഫർ എത്തുന്നത്. രണ്ട് കോടി രൂപയായിരുന്നു കരാര്‍ പ്രകാരമുള്ള പ്രതിഫല തുക എന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. അക്കാലത്ത് മലയാളം പോലുള്ള ഇൻഡസ്ട്രിയിൽ സ്വപ്നം കാണാൻ പോലും പറ്റാത്ത തുകയായിരുന്നു അത്. തെന്നിന്ത്യയിൽ ഒരു താരത്തിന് ഓഫർ ചെയ്യപ്പെട്ട എറ്റവും വലിയ പ്രതിഫലമായിരുന്നു അതെന്നും അന്ന് വാർത്തകളുണ്ടായിരുന്നു. അതാണ് വി.എസിന്റെ ഒരറ്റവാക്കിൽ മമ്മൂട്ടി ഉപേക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button