രാവിലെ വിവാഹനിശ്ചയം, വൈകീട്ട് അരുംകൊല; ബാലവിവാഹം തടഞ്ഞതിന്റെ പകയിൽ 16കാരിയെ കൊന്ന യുവാവിന് വധശിക്ഷ
മംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ 16കാരിയെ വടിവാളുകൊണ്ട് കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് മടിക്കേരി അഡീ. ജില്ല സെഷൻസ് കോടതി (മൂന്ന്) വധശിക്ഷ വിധിച്ചു. സോംവാർപേട്ട് താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ താമസിക്കുന്ന ഓംകാരപ്പ എന്ന പ്രകാശിനെയാണ് (36) ശിക്ഷിച്ചത്. കുമ്പാരഗഡിഗെ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി എസ്.എസ്.എൽ.സി ഫലം വന്ന 2024 മേയ് ഒമ്പതിനാണ് കൊല്ലപ്പെട്ടത്. ഒന്നാം ക്ലാസോടെയുള്ള കുട്ടിയുടെ വിജയം ഗ്രാമം ആഘോഷിച്ചു. പെൺകുട്ടിയും പ്രകാശ് എന്ന ഓംകാരപ്പയും തമ്മിലുള്ള വിവാഹനിശ്ചയം അതേ ദിവസം തന്നെ അവളുടെ വസതിയിൽ നടന്നു. എന്നാൽ, ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശു സംരക്ഷണ യൂനിറ്റ്, സാമൂഹിക ക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ഇരു കുടുംബങ്ങൾക്കും കൗൺസലിങ് നൽകി. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്നും 18 വയസ്സ് തികയാതെ വിവാഹം നടത്താൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതുവരെ വിവാഹം മാറ്റിവെക്കുമെന്ന് ഇരു കുടുംബങ്ങളിൽ നിന്നും രേഖാമൂലമുള്ള ഉറപ്പ് അവർ നേടി. ഇതേത്തുടർന്ന് പ്രതിയുടെ കുടുംബം ഹമ്മിയാലയിലേക്ക് മടങ്ങി. വിവാഹം മാറ്റിവച്ചതിൽ കുപിതനായ ഓംകാരപ്പ വൈകീട്ട് അഞ്ചോടെ ആയുധവുമായി എത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെൺകുട്ടിയെ, വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ വലിച്ചിഴച്ച് കൊണ്ടുപോയി തലയറുത്തു. മുറിച്ചെടുത്ത തല അടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ദാരുണമായ കൊലപാതകം കുടകിലും സംസ്ഥാനത്തും ഞെട്ടലുണ്ടാക്കി. പ്രതി തോക്കുമായി കാട്ടിൽ ഒളിച്ചിരിക്കുന്നതായി വിവരം പുറത്തു വന്നു. ഇരയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭയം ഉയർന്നു. അവരെ സംരക്ഷിക്കാൻ എട്ട് സായുധ പൊലീസുകാരെ വിന്യസിച്ചിരുന്നു. കുടക് പൊലീസ് കമാൻഡോകൾ രണ്ട് ദിവസം ഇടതൂർന്ന വനത്തിൽ തിരച്ചിൽ നടത്തിയ ശേഷമാണ് മേയ് 11 ന് സോംവാർപേട്ട് പൊലീസ് ഓംകാരപ്പയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ കൊലപാതകത്തിന് ഉപയോഗിച്ച വടിവാളും പെൺകുട്ടിയുടെ വെട്ടിമാറ്റിയ തലയും പൊലീസ് കണ്ടെടുത്തു. അന്വേഷണം പൂർത്തിയാക്കിയ ശേഷം സോംവാർപേട്ട് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റവാളിക്ക് 81,000 രൂപ പിഴയും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 16.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി വിധിച്ചു. വാദം കേൾക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശിരച്ഛേദം ചെയ്ത രീതി ചൂണ്ടിക്കാട്ടി, കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നായി തരംതിരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ‘ഞങ്ങളുടെ വാദം കോടതി അംഗീകരിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചു. ഈ വിധി മരിച്ച പെൺകുട്ടിയുടെ ആത്മാവിന് നീതിയും സമാധാനവും കൊണ്ടുവന്നു’ -സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രുദ്ര പ്രസന്ന പറഞ്ഞു.





