കണ്ണൂരിൽ ഉറങ്ങിക്കിടന്നയാളെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചിറക്കൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കെ.വി. ഗിരീഷിനാണ് (50) മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം.
പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഗിരീഷിനും ഭാര്യ ഫാസിലയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഭാര്യയെ ശല്യം ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
ഇരുമ്പുവടിയുമായി എത്തിയ പ്രതി ഉറങ്ങിക്കിടന്ന ഗിരീഷിന്റെ തലയ്ക്കും ദേഹമാസകലവും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ആദ്യം കണ്ണൂരിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭാര്യയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.





