സ്വർണ വില ഭേദിച്ചു, ആ ‘മാജിക് സംഖ്യ’; തകർപ്പൻ കുതിപ്പുമായി പവൻ 79,000ന് മുകളിൽ, ഗ്രാം 10,000 ലേക്ക്


മലപ്പുറം: ഒടുവിൽ, ഏവരും പ്രതീക്ഷിച്ചതുപോലെ കേരളത്തിൽ പവൻ വില 79,000 ഭേദിച്ചു; ഗ്രാം വില 10,000 രൂപയ്ക്ക് തൊട്ടരികിലും എത്തി. ഇന്ന് ഒറ്റദിവസം ഗ്രാമിന് 80 രൂപ മുന്നേറി വില 9,945 രൂപയായി. 640 രൂപ വർധിച്ച് 79,560 രൂപയാണ് പവന്. 80,000ലേക്ക് വെറും 440ന്റെ ദൂരം. ഇന്നലെ കുറിച്ച ഗ്രാമിന് 9,865 രൂപയും പവന് 78,920 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. യുഎസിൽ പുതിയ തൊഴിൽക്കണക്കുകൾ പ്രതീക്ഷകൾ തെറ്റിച്ച് കുത്തനെ കുറഞ്ഞതും ഡോളറും ബോണ്ടും കനത്ത ഇടിവ് നേരിട്ടതും സ്വർണത്തിന് ആവേശമായി. രാജ്യാന്തരവില ഔൺസിന് 3599 ഡോളർ എന്ന റെക്കോർഡിലെത്തി. യുഎസിൽ പലിശ നിരക്ക് കുറയാനുള്ള സാധ്യത വർധിച്ചതും സ്വർണത്തിനാണ് കരുത്താകുന്നത്. 18 കാരറ്റ് സ്വർണവും റെക്കോർഡ് പുതുക്കി. വില ഇന്ന് ചില കടകളിൽ ഗ്രാമിന് 65 രൂപ ഉയർന്ന് വില 8,235 രൂപയായി.
മറ്റു ചില ജ്വല്ലറികളിൽ വില 60 രൂപ ഉയർന്ന് 8,165 രൂപയും. എന്നാൽ സ്വർണത്തിൻറെ ആവേശം വെള്ളിക്കില്ല. വില മാറ്റമില്ലാതെ നിൽക്കുകയാണ്. ചില കടകളിൽ ഗ്രാമിന് 134 രൂപയും മറ്റു കടകളിൽ 133 രൂപയുമാണ്.