യു എ ഇ യിൽ ഉയർന്ന യാത്രാച്ചെലവും വിസ പ്രശ്നങ്ങളും വിനയായി; പകുതിയോളം താമസക്കാരും നാട്ടിൽ പോകുന്നില്ല

ദുബൈ: ഉയർന്ന യാത്രാച്ചെലവും വിസ ലഭിക്കാനുള്ള താമസവും കാരണവും യു.എ.ഇയിലെ പകുതിയോളം താമസക്കാർ ഇത്തവണ വേനലവധിക്ക് നാട്ടിൽ പോകാതെ രാജ്യത്ത് തന്നെ തുടരുന്നതായി സർവേ റിപ്പോർട്ട്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ മജിദ് അൽ ഫുത്തൈം നടത്തിയ പുതിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. കമ്പനിയുടെ ഉപഭോക്തൃ ഗവേഷണ വിഭാഗമായ ‘ദി ഹാപ്പിനസ് ലാബ്’ യു.എ.ഇയിലെ വിവിധ രാജ്യക്കാരായ 900 പേരിൽ നടത്തിയ സർവേയിൽ 47 ശതമാനം ആളുകളും ഇത്തവണ വേനൽക്കാലം യു.എ.ഇയിൽ തന്നെ ചെലവഴിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കി. ചൂടുകാലത്ത് സമയം ചെലവഴിക്കാൻ ഏറ്റവും കൂടുതൽ ആളുകൾ (72 ശതമാനം) തിരഞ്ഞെടുക്കുന്നത് ഷോപ്പിങ്​ മാളുകളാണെന്നും സർവേ പറയുന്നു. വിദേശയാത്രകൾക്കുണ്ടാകുന്ന അമിത ചെലവാണ് നാട്ടിൽ പോകാത്തതിന് പ്രധാന കാരണമായി 43 ശതമാനം പേർ ചൂണ്ടിക്കാട്ടിയത്. യു.എ.ഇയിലെ വിനോദസഞ്ചാര സാധ്യതകളും സൗകര്യങ്ങളും ഇഷ്ടപ്പെടുന്നതുകൊണ്ട് മനഃപൂർവം യാത്ര ഒഴിവാക്കിയതാണെന്ന് 39 ശതമാനം പേർ പറയുന്നു. വിമാന ടിക്കറ്റ് നിരക്കിലെ വർധന, യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ വിസ ലഭിക്കാനുള്ള കാലതാമസം, നിലവിൽ മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ എന്നിവ കാരണം വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി ട്രാവൽ രംഗത്തെ വിദഗ്​ധരും സാക്ഷ്യപ്പെടുത്തുന്നു. വിദേശയാത്രകൾക്ക് പകരം യു.എ.ഇയിലെ തന്നെ ഹോട്ടലുകളിൽ ‘സ്റ്റേക്കേഷൻ’ നടത്താൻ താല്പര്യപ്പെടുന്നവരും ഏറെയുണ്ട്​. എങ്കിലും മാലദ്വീപ്, തായ്‌ലൻഡ്, മൗറീഷ്യസ്, കാനഡ, ആസ്‌ട്രേലിയ, ജപ്പാൻ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോഴും യാത്രക്കാരുണ്ടെന്നും ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു. മുൻഗണന കുടുംബത്തിന്​ പണം ചെലവഴിക്കുന്ന കാര്യത്തിൽ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾക്കാണ് ആളുകൾ കൂടുതൽ മുൻഗണന നൽകുന്നത്. 58 ശതമാനം പേർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും 54 ശതമാനം പേർ റെസ്റ്റോറന്റുകളിൽ പോകുന്നതിനും വിനോദകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പണം മാറ്റിവെക്കുന്നു. പുറത്ത് കടുത്ത ചൂടായതിനാൽ ഭൂരിഭാഗം പേരുടെയും ആശ്രയം ഇൻഡോർ വിനോദകേന്ദ്രങ്ങളും മാളുകളുമാണ്. വേനലവധിക്ക് നാട്ടിൽ പോകാതെ യു.എ.ഇയിൽ തുടരുന്നവരെ ലക്ഷ്യമിട്ട്​ പ്രമുഖ മാളുകളിൽ പ്രത്യേക ഓഫറുകളും കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികളും അടങ്ങുന്ന കാമ്പയിനുകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button